camara

പോട്ട നന്മ റസിഡന്റ്‌സ് അസോസിയേഷൻ സ്ഥാപിച്ച നിരീക്ഷ കാമറകളുടെ ഉദ്ഘാടനം ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ. സന്തോഷ് നിർവഹിക്കുന്നു.

ചാലക്കുടി: നഗരസഭാ പരിധിയിലുള്ള വിവിധ റസിഡന്റ്സ് അസോസിയേഷനുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ച് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി പോട്ട നന്മ റസിഡന്റ്‌സ് അസോസിയേഷൻ പരിധിയിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു. നഗരസഭയിലെ 42 റസിഡന്റ്സ് അസോസിയേഷനുകളിലായി 160 നിരീക്ഷണ കാമറകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. കാമറകൾ സ്ഥാപിക്കുക റസിഡന്റ്സ് അസോസിയേഷനുകളുടെ ചെലവിലാണ്. അതിന്റെ പരിപാലന ചുമതലയും അവർക്കാകും. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും മയക്കുമരുന്നു വിതരണവും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും സ്ഥിരമായതോടെയാണ് നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മമായ ക്രാക്ട് ജനറൽ ബോഡിയാണ് എല്ലാ പ്രദേശത്തും കാമറകൾ ഘടിപ്പിക്കുന്നതിന് ജനമൈത്രി പൊലീസുമായി ആലോചിച്ച് തീരുമാനമെടുത്തത്.

പോട്ട നന്മ റസിഡന്റ്‌സ് അസോസിയേഷൻ പരിധിയിലെ സി.സി.ടി.വി കാമറകളുടെ ഉദ്ഘാടനം ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ. സന്തോഷ് നിർവഹിച്ചു. നന്മ പ്രസിഡന്റ് പോൾസൺ മേലേപ്പുറം അദ്ധ്യക്ഷനായി. ക്രാക്ട് പ്രസിഡന്റ് പോൾ പാറയിൽ മുഖ്യാതിഥിയായി. നഗരസഭാ കൗൺസിലർമാരായ ലില്ലി ജോസ് ,വത്സൻ ചമ്പക്കര, സെക്രട്ടറി പി.ഡി. ദിനേശ്, സെക്രട്ടറി ജോഷി ആന്റണി, കെ.ഡി. ജോഷി, ബീന ഡേവിസ് എന്നിവർ സംസാരിച്ചു.

സ്ഥാപിക്കുക 10 കാമറകൾ

ആദ്യഘട്ടത്തിൽ നാല് കാമറകളാണ് സ്ഥാപിച്ചത്. നന്മ റസിഡന്റ്സ് അസോസിയേഷൻ പരിധിയിൽ വിവിധ ഭാഗങ്ങളായി ആകെ 10 കാമറകളാണ് സ്ഥാപിക്കുക. ഒരു ലക്ഷം രൂപയാണ് ഇതിന് ചെലവാകുക. റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹിയുടെ വീട്ടിലാണ് കാമറകളുടെ ദൃശ്യങ്ങൾ വിലയിരുത്താനുള്ള സംവിധാനമൊരുക്കിയിട്ടുള്ളത്.