ചാലക്കുടി: ചാലക്കുടി പ്രിൻസിപ്പൽ എസ്.ഐ: സിദ്ദിഖ് അബ്ദുൾ ഖാദറിനെ കാട്ടൂർ സ്റ്റേഷനിലേയ്ക്ക് സ്ഥലം മാറ്റി. സ്റ്റേഷനുകളിൽ ഒരു വർഷം പൂർത്തിയാക്കിയ എസ്.ഐമാരെ മാറ്റുന്ന രീതിയിലാണ് തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും വ്യാപക പരാതിയെ തുടർന്നെന്നാണ് റിപ്പോർട്ട്. നാട്ടുകാരോട് മോശമായാണ് പെരുമാറ്റമെന്ന പരാതി ഉയർന്നിരുന്നു. ഏതാനും മാസം മുൻപ് എസ്.എഫ്.ഐ നേതാവിനെ സ്റ്റേഷനിൽ അപമാനിച്ച എസ്.ഐയ്‌ക്കെതിരെ സി.പി.എം ജില്ലാ നേതൃത്വവും എസ്.പിയെ സമീപിച്ചിരുന്നു. കഴിഞ്ഞയാഴ്ച മാർക്കറ്റ് റോഡിൽ റൗഡികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോൾ സ്ഥലത്തെത്തിയില്ലെന്നും ആക്ഷേപമുണ്ടായി. ഇതിനെതിരെ വ്യാപാരികൾ എസ്.എച്ച്.ഒയോട് പരാതിപ്പെട്ടിരുന്നു.