thalikulam
തളിക്കുളത്തെ ആയുർവേദ - ഹോമിയോ ആശുപത്രി

തൃപ്രയാർ: തളിക്കുളത്തെ ആയുർവേദ ഹോമിയോ ആശുപത്രി പരിമിതികളിൽ നിന്ന് വിശാല സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിൽ ജനുവരിയിൽ പ്രവർത്തനമാരംഭിക്കും. പത്താംകല്ല് കിഴക്ക് ടിപ്പു സുൽത്താൻ റോഡിന് സമീപം 2,153 അടി വിസ്തീർണത്തിലാണ് പണി പൂർത്തിയാകുന്നത്. ഗീത ഗോപി എം.എൽ.എയുടെ 2019-20 വർഷത്തെ ആസ്തി വികസന ഫണ്ടായ അമ്പത് ലക്ഷം വിനിയോഗിച്ചാണ് ഒറ്റനിലയിലായി നിർമ്മാണം. ആയുർവേദത്തിനും ഹോമിയോപ്പതിക്കുമുള്ള പ്രത്യേക ഫണ്ടും, ശുചിത്വ മിഷൻ ഫണ്ടും, പഞ്ചായത്ത് ഫണ്ടുമായ 25 ലക്ഷം ഉപയോഗിച്ച് ടോയ്‌ലറ്റിന്റെ നിർമ്മാണവും പൂർത്തിയാക്കി. വിശാലമായ മുറികളോടൊപ്പം രോഗികൾക്ക് കാത്തിരിക്കാനായി മികച്ച സൗകര്യങ്ങളും, രജിസ്‌ട്രേഷൻ, ഫാർമസി കൗണ്ടറും ഒരുക്കിയിട്ടുണ്ട്. ആയുർവേദ മരുന്ന് തയ്യാറാക്കാനായി മികച്ച സൗകര്യങ്ങളുള്ള അടുക്കളയും ഭിന്നശേഷിക്കാർക്കും പ്രായമായവർക്കുമായി റാമ്പും നിർമ്മിച്ചിട്ടുണ്ട്. കൂടാതെ മാലിന്യ സംസ്‌കരണ സൗകര്യവും സജ്ജമാണ്. ചുറ്റുമതിലും മുറ്റത്ത് ടൈലും പാകിയിട്ടുണ്ട്. കെട്ടിടത്തിന് മുകളിൽ സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉത്പാദനം നടത്താനുള്ള പ്രവർത്തനങ്ങളും ഇതോടൊപ്പം നടക്കുകയാണ്.

വിശാലം സൗകര്യങ്ങൾ

ഒരു ഡോക്ടേഴ്‌സ് റൂം, സ്റ്റോർ റൂം, രജിസ്‌ട്രേഷൻ-ഫാർമസി കൗണ്ടർ, രോഗികൾക്കും ഭിന്നശേഷിക്കാർക്കും വെയിറ്റിംഗ് റൂം, ശുദ്ധജല വിതരണ സംവിധാനം, ആധുനിക രീതിയിലുള്ള ഫർണിച്ചറുകൾ, മെഡിസിൻ സ്റ്റോർ റൂമുകൾ.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സൗന്ദര്യവത്കരണം ഉൾപ്പെടെയുള്ള നിർമ്മാണം കഴിഞ്ഞാൽ ജനുവരിയിൽ ആശുപത്രിയുടെ ഉദ്ഘാടനം നടത്താനാകും.

- പി.ഐ സജിത
പഞ്ചായത്ത് പ്രസിഡന്റ്‌