aaaaaചിറക്കാപ്പ് റോഡിന് സമീപത്ത് തമ്പടിച്ചിരിക്കുന്ന തെരുവ്‌ നായ്ക്കൾ.

8 ആടുകളെ കടിച്ചുകൊന്നു

കാഞ്ഞാണി: കാരമുക്ക് പന്ത്രണ്ടാം വാർഡ് ചിറക്കാപ്പ് നിവാസികൾ തെരുവ് നായ്ക്കളുടെ ഭീഷണിയിൽ. റോഡിലും വീടിന്റെ പരിസരത്തുമായി തമ്പടിച്ചിരിക്കുന്ന നായ്ക്കളെ പേടിച്ച് കുട്ടികളും പ്രായമായവരും പുറത്തിറങ്ങുന്നില്ല. ചിറക്കാപ്പ് മഞ്ചാടി റോഡിലൂടെ യാത്ര ചെയ്യുന്ന സ്‌കൂൾ വിദ്യാർത്ഥികളും മറ്റ് കാൽനട യാത്രക്കാരും ഏത് സമയവും നായ്ക്കളുടെ ആക്രമണത്തിന് വിധേയമാകാം. അതിനാൽ ചെറിയ കുട്ടികളെ രക്ഷിതാക്കളാണ് സ്‌കൂളിലേക്ക് കൊണ്ടുപോകുന്നത്.

കഴിഞ്ഞ ദിവസം താണിപ്പാടത്ത് തങ്കയുടെ ആറ് ആടുകളും വടക്കൂട്ട് വളപ്പിൽ വേലായുധന്റെ രണ്ട് ആടുകളെയും തെരുവു നായ്ക്കൾ സംഘമായെത്തി കടിച്ചുകൊന്നിരുന്നു. ഇന്നലെ കൊട്ടാരത്ത് സലിയുടെ ആടിനെ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ആടിനെ നായ്ക്കൾ ആക്രമിക്കുന്നത് നാട്ടുകാർ കണ്ടതിനാൽ ജീവൻ രക്ഷിക്കാനായി. വന്നേരി മോഹനന്റെ താറാവിനെയും ജയിംസിന്റെ കോഴികളെയും കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇക്കാര്യം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽകൊണ്ടുവന്നിട്ടും നടപടിയില്ലെന്ന് ഉടമകൾ പറയുന്നു.

സമീപ പഞ്ചായത്തുകളിലെല്ലാം തെരുവുനായ്ക്കൾക്ക് എ.ബി.സി പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. എന്നാൽ മണലൂർ പഞ്ചായത്തിൽ ഇതുവരെ ആരംഭിച്ചിട്ടില്ല. തെരുവ് നായ്ക്കളെ കണ്ടെത്തി സംരക്ഷണം ഒരുക്കാമെന്ന് പഞ്ചായത്ത് ഭരണ സമിതിയിൽ തീരുമാനമെടുത്തിട്ടും നടപ്പിലാക്കിയിട്ടില്ല.

ബിന്ദു സതീശൻ

വാർഡ് അംഗം