ചാലക്കുടി: പുതിയ കുടകൾ തുന്നലും പഴയതിന്റെ അറ്റകുറ്റപ്പണികൾ തീർക്കലും തകൃതി. പള്ളിത്തിരുനാളുകളെ മിന്നുന്നതാക്കാൻ കൊച്ചപ്പേട്ടൻ അണിയറയിൽ സജീവം. വിലപിടിപ്പുള്ള പുതിയ ശീലകൾ എത്തിയിട്ടുണ്ട്. ഇവയെല്ലാം അഴകിന്റെ വിസ്മയമാക്കാൻ ഇയാൾ കൈയ്യും മെയ്യും മറക്കുകയാണ്. വയസ് എഴുപത്തിയെട്ടായി. ഇക്കാലത്തും കുടകൊച്ചപ്പന്റെ പട്ടുകൾ തിരുനാൾ പറമ്പുകളിൽ വെട്ടിത്തിളങ്ങുന്നതിന്റെ രഹസ്യം മറ്റൊന്നല്ല, കഠിനപ്രയത്‌നം തന്നെ. ഓരോ വർഷവും പുത്തൻ ശീലകൾ എത്തിക്കും. തുണിതുന്നലുകൾ കഴിഞ്ഞെത്തിയാൽ പിന്നെയെല്ലാം സ്വന്തം പ്രയത്‌നം. കാലുകളിൽ കമ്പി ഘടിപ്പിക്കൽ, അതിൽ ശീലയും താഴെ ആലയ്ക്ക് കെട്ടലും. അങ്ങനെ നീളും പട്ടുകുടകളുടെ നിർമ്മാണം. ആൾക്കൂട്ടത്തിലെ ആഹ്ലാദാരവങ്ങൾക്കൊപ്പം വട്ടംകറങ്ങുന്ന കുടയിലെ മകുടവും കൊച്ചപ്പേട്ടന്റെ കരവിരുതുതന്നെ. ഓരോ തിരുനാളുകളും കഴിഞ്ഞെത്തുന്ന ഇവയുടെ പരിചരണവും പ്രധാന ജോലിയിൽപ്പെടും. സാറ്റിൻ തുണികൾ തുന്നലും ആദ്യകാലത്ത്് ഇയാൾക്ക് വഴങ്ങിയിരുന്നു. മദ്ധ്യ കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിലെ ആഘോഷങ്ങൾക്ക് പട്ടുകുടകൾ നിർബന്ധമാണ്. ക്ഷേത്രങ്ങളിലെ ചില ചടങ്ങുകളിലും ഇവയ്ക്ക് സ്ഥാനമുണ്ട്. അമ്പതു രൂപ ദിവസക്കൂലിക്ക് കുടകൾ നൽകും. ചാലക്കുടിയിൽ കൊച്ചപ്പേട്ടന്റെ കുടകളില്ലാത്തൊരു തിരുനാളില്ലെന്ന്്് ആളുകൾ പറയും. മരത്തിന്റെ കച്ചവടത്തിനു ശേഷം മുപത്തിയഞ്ചാം വയസിലാണ് ഇയാൾ പട്ടുകളെ പ്രണയിച്ചു തുടങ്ങിയത്. അന്നുമിന്നും എല്ലാം തനിച്ചുചെയ്ത് തീർക്കും. പ്രളയത്തിൽ നൂറുകണക്കിന് കുടകൾ നശിച്ചു. തുടർന്നുള്ള കൊവിഡ് മഹാമാരിയും വലിയ പ്രതിസന്ധിയായി. അമ്പൂക്കൻ വീട്ടിൽ എൽ.എൽ.കൊച്ചപ്പൻ സജീവ രാഷ്ട്രീയക്കാരനുമാണ്. എൽ.ജെ.ഡിയിലാണ് സേവനം. ആൽഫ പാലിയേറ്റീവ് കെയർ സെന്ററിലൂടെ ജീവകാര്യണ്യ പ്രവർത്തനങ്ങളിലും മുഖ്യപങ്ക് വഹിക്കുന്നു. രാക്ഷാധികാരിയായ മഹാത്മാ കളരി സംഘത്തിന്റെ പ്രചരണാർത്ഥം തൃശൂർ പൂരത്തിനും പട്ടുകുടകൾ പ്രദർശിപ്പിച്ച അഭിമാനം കൂടിയുണ്ട്് കൊച്ചപ്പന്.

കുട നിർമ്മാണം ഇപ്രകാരം
ഒരു കുടനിർമ്മാണത്തിന് ആവശ്യം- 7 മീറ്റർ തുണി.
കാലുകൾക്ക് ഉപയോഗിക്കുന്ന മരങ്ങൾ- ചടിച്ചി, വട്ട.
മകുടം സ്റ്റീലിന്റെതും ആലക്ക് ഓട് ലോഹവുമാണ്.