തൃശൂർ: കോർപറേഷൻ ഡിവിഷനുകളിലെ ഓണാഘോഷ പരിപാടികളുടെ ഫണ്ട് പല കൗൺസിലർമാർക്കും നൽകാത്തതിൽ പ്രതിഷേധം. മേയറെ ഉദ്ഘാടകനാക്കാത്ത ഡിവിഷനുകളിലെ ഫണ്ടാണ് തടഞ്ഞതെന്നും നടപടി അൽപ്പത്തരമാണെന്നും ആരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ പ്ലക്കാർഡുമേന്തി കോർപറേഷൻ കൗൺസിൽ യോഗത്തിൽ നടുത്തളത്തിലിറങ്ങി. ഓണാഘോഷം നടത്തിയെന്ന് പറഞ്ഞാൽ പോരെന്നും താൻ കൂടി അറിയണമെന്നും മേയർ വ്യക്തമാക്കിയതോടെ ഭരണപക്ഷത്തും അസ്വസ്ഥതയേറി. വിഷയം പറഞ്ഞു തീർക്കണമെന്ന് സി.പി.എം നേതാവ് പി.കെ. ഷാജൻ പറഞ്ഞിട്ടും മേയർ വഴങ്ങിയില്ല. കൗൺസിലർമാരായ മുകേഷ് കൂളപ്പറമ്പിൽ, ശ്രീലാൽ ശ്രീധർ, എബി വർഗീസ് എന്നിവർ നടുത്തളത്തിൽ കുത്തിയിരുന്നു. ഓരോ ഡിവിഷനുകളിലേക്കും അനുവദിച്ച 30,000 രൂപയാണ് പലയിടത്തും തടഞ്ഞത്. സ്വരാജ്‌റൗണ്ടിൽ കിസാൻസഭയുടെ കമാനം വെക്കാൻ റോഡ് കുത്തിപ്പൊളിക്കുന്ന കാര്യവും ഉന്നയിച്ചു. സ്വരാജ് റൗണ്ട് കുത്തിപ്പൊളിക്കാൻ അനുമതി നൽകിയിട്ടുണ്ടോയെന്ന് കൗൺസിലർ എ.കെ. സുരേഷ് ചോദിച്ചു.
അമൃതം സിറ്റി മാസ്റ്റർ പ്ലാനിൽ ആരും അറിയാതെ അലൈൻമെന്റ് മാറ്റം അഴിമതിക്ക് വേണ്ടിയാണെന്ന് ബി.ജെ.പി കൗൺസിലർമാർ കൗൺസിലിൽ പറഞ്ഞു. 30 വർഷത്തിലധികമായി ഫ്രീസ് ചെയ്തിരിക്കുന്ന ഭൂമി പെട്ടെന്ന് ഒരു രാത്രി കൊണ്ട് സ്‌പെഷൽ കമ്മിറ്റി അംഗങ്ങൾ പോലും അറിയാതെ സ്‌പെഷൽ കമ്മിറ്റിയുടെ തീരുമാനമായി അലൈമെന്റിൽ മാറ്റം വരുത്തിയത് വലിയ അഴിമതിക്ക് ചുട്ടുപിടിക്കൽ ആണെന്ന് ബി.ജെ.പി പാർലമെന്ററി ലീഡർ വിനോദ് പൊള്ളഞ്ചേരി ആരോപിച്ചു.
പാവപ്പെട്ടവന് ലൈഫ് പദ്ധതിയിൽ ഭവന നിർമ്മാണത്തിന് 4 ലക്ഷം രൂപയാണ് കോർപറേഷൻ ധനസഹായമായി നൽകുന്നത്. എന്നാൽ മേയറുടെ ചേംബറിൽ ടോയ്‌ലറ്റുകൾക്ക് പുനർനിർമാണം നടത്താൻ 4 ലക്ഷം രൂപ ചെലവ് ചെയ്യുന്നത് പാവപ്പെട്ടവരോട് കാണിക്കുന്ന അനീതിയാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ കുറ്റപ്പെടുത്തി.

പണം വെറുതെ ഒപ്പിട്ടുകൊടുക്കാൻ പറ്റില്ല. ആഘോഷപരിപാടികൾ അറിയണം. ഇക്കാര്യത്തിൽ സുതാര്യമായ നിലപാടാണ് തന്റെത്.
-എം.കെ. വർഗീസ്
(കോർപറേഷൻ മേയർ)

മേയർ കാട്ടുന്നത് രാഷ്ട്രീയ വിവേചനവും കാട്ടുനീതിയും. ഇനിയും ഓണാഘോഷ ഫണ്ട് അനുവദിച്ചില്ലെങ്കിൽ സമരം മേയറുടെ ചേംബറിലേക്ക് മാറ്റും.
-രാജൻ ജെ.പല്ലൻ
(പ്രതിപക്ഷ നേതാവ്)