പ്രദീപിന്റെ വീട്ടിൽ ഒരുക്കിയ സ്മൃതി മണ്ഡപത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ പുഷ്പാർച്ചന നടത്തുന്നു.
ഒല്ലൂർ: കൂനൂരിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ച വ്യോമസേനയിലെ ജൂനിയർ വാറന്റ് ഓഫീസർ എ. പ്രദീപിന്റെ ഓർമയിൽ പുത്തൂർ ഗ്രാമം. ഒരു വർഷം മുമ്പായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തത്തിൽ പ്രദീപ് മരിച്ചത്. വീട്ടിൽ ഒരുക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. കളക്ടർ ഹരിത വി. കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എസ്. ബാബു, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി, മക്കളായ ധക്ഷ്മിൻ ദേവ്, ദേവപ്രിയ, മറ്റ് കുടുംബാംഗങ്ങൾ എന്നിവർ പുഷ്പാർച്ചന നടത്തി. പ്രദീപിന്റെ വീടിനു സമീപത്തെ മൈമ്പിള്ളി അമ്പലത്തിൽ അനുസ്മരണ യോഗം നടന്നു. അമ്പലത്തിൽ നിർമ്മിച്ച ഊട്ടുപുര പ്രദീപിന്റെ പേരിൽ സമർപ്പിച്ചതിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു. പ്രദീപ് പഠിച്ച പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും അനുസ്മരണ യോഗം നടന്നു.