ചാലക്കുടി: മെയിൻ സ്ലാബ് നിർമ്മാണം പൂർത്തിയായ അടിപ്പാതയുടെ രണ്ടാംഘട്ട പ്രവർത്തനം മണ്ണ് ലഭ്യമാകുന്ന മുറയ്ക്ക് ആരംഭിക്കും. എഴുപതിനായിരം ക്യൂബിക്ക് മീറ്റർ മണ്ണ് കണ്ടെത്തെലാണ് ശ്രമകരമായ ദൗത്യമായിട്ടുണ്ട്. സ്വകാര്യ വ്യക്തികൾ മണ്ണടിക്കാൻ സന്നദ്ധ അറിയിച്ച് നിർമ്മാണ കമ്പനിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ ജിയോളജിക്കൽ ഡിപ്പാർട്ടുമെന്റിന്റെ എൻ.ഒ.സിയാണ് കടമ്പ. യഥാസമയം മണ്ണ് ലഭിച്ചാൽ അടിപ്പാതയുടെ നിർമ്മാണം നിശ്ചയിച്ച കാലാവധിക്കുള്ളിൽ പൂർത്തിയാകുമെന്ന് കരാർ കമ്പനിയായ ഇ.കെ.കെ അധികൃതർ പറയുന്നു. അപ്രോച്ച് നിർമ്മിക്കാനാണ് ഇത്രയും മണ്ണിന്റെ ആവശ്യം. ഇരുഭാഗത്തും റെയിൻ ഫോഴ്‌സ് എർത്ത് വാൾ നിർമ്മിച്ച് അതിൽ മണ്ണ് നിറച്ചാണ് അപ്രോച്ച് റോഡ് നിർമ്മിക്കുക. അടിപ്പാതയുടെ വടക്കുഭാഗത്തെ അപ്രോച്ച് റോഡ് 410 മീറ്റർ നീളത്തിലാണ് തയ്യാറാക്കുന്നത്. എന്നാൽ കുത്തനെയുള്ള തെക്കുവശത്തെ അപ്രോച്ച് റോഡിന് 190 മീറ്റർ നീളമെ ഉണ്ടാവുകയുള്ളു. ഏഴുമീറ്റർ നീളവും ഇരുഭാഗത്തുമായി 17 മീറ്റർ നീളവും വരുന്ന മെയിൻ സ്ലാബ് നിർമ്മാണം നിശ്ചയിച്ച പ്രകാരം കരാറുകാർക്ക് പൂർത്തിയാക്കാനായി. സെപ്തംബർ പത്തിനായിരുന്നു പുനർനിർമ്മാണത്തിന് തുടക്കമിട്ടത്. 2023 മാർച്ച് 31ന് അടിപ്പാത നിർമ്മാണം പൂർത്തിയാക്കുമെന്നാണ് കരാറിൽ വ്യവസ്ഥ ചെയ്തത്.