ആയിഷ തയ്ബ, നൂറിൻ ഐൻ
അന്തിക്കാട്: പണവും ചെക്കും എ.ടി.എം കാർഡും തിരിച്ചറിയൽ കാർഡുമടങ്ങുന്ന പഴ്‌സ് ഉടമയെ ഏൽപ്പിച്ച് ആദരവ് ഏറ്റുവാങ്ങുകയാണ് സഹോദരികളായ മിടുക്കികൾ. അന്തിക്കാട് പുത്തൻകോവിലകം കടവ് സ്വദേശി നിസാർ ബുസ്‌ന ദമ്പതികളുടെ മക്കളായ ആയിഷ തയ്ബ(9 ), നൂറിൻ ഐൻ (6) എന്നിവരാണ് ഈ മിടുക്കികൾ.
അന്തിക്കാട് സ്വദേശിയും ഭാരതീയ മെഡിക്കൽ ആൻഡ് റെപ്രസന്ററ്റീവ്‌സ് ജില്ല പ്രസിഡന്റ് കൂടിയായ മനോജ് കുറ്റിപറമ്പിലിന്റെ പേഴ്‌സാണ് റോഡിൽ വീണത്. മനോജിന്റെ ഒന്നാം ക്ലാസിൽ പഠിക്കുന്ന മകൾ ബാലയെ സ്‌കൂളിൽ വിടാൻ ബൈക്കിൽ പോകുന്നതിനിടയിലാണ് പഴ്‌സ് വീണത്. പഴ്‌സ് വീഴുന്നത് കണ്ടെങ്കിലും അതെടുക്കാൻ ഇരുവരും തയ്യാറായില്ല. മനോജ് തിരികെയെത്തുന്നത് വരെ അവിടെ കാവൽ നിൽക്കുകയായിരുന്നു. തുടർന്നാണ് കെ.ജി.എം.എൽ.പി സ്‌കൂളിലേക്ക് പോയത്. അന്തിക്കാട് നൂറുൽ ഹുദാ മദ്രസാ വിദ്യാർത്ഥിനികളാണ്. യുവധാര അന്തിക്കാടിൻ്റെയും, അന്തിക്കാട് മഹല്ല് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ശനിയാഴ്ച ഇരുവരെയും ആദരിക്കും.