aaaaaപൊളിച്ചുനീക്കിയ കാന വീണ്ടും പുനർനിർമ്മിക്കാൻ ഒരുങ്ങുന്നു.

കാഞ്ഞാണി: കാന നിർമ്മാണത്തിൽ അപാകത ചൂണ്ടിക്കാണിച്ച് നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് കാന പൊളിച്ചുനീക്കി പുനർനിർമ്മാണം ആരംഭിച്ചു. മണലൂർ പഞ്ചായത്ത് പതിനേഴാം വാർഡ് നാല് സെന്റ് കോളനിയിലെ കാന നിർമ്മാണമാണ് നാട്ടുകാർ ഇടപെട്ട് പൊളിപ്പിച്ചത്. വർഷങ്ങളായി കോളനിയിൽ മഴക്കാലത്തുണ്ടാകുന്ന രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കുവാനായി തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമ്മിച്ചതാണ് കാന. ഇപ്പോൾ ഏഴ് മീറ്ററോളം പൊളിപ്പിച്ചാണ് വീണ്ടും പുനർനിർമ്മാണം നടത്തുന്നത്.

73 മീറ്റർ നീളത്തിലാണ് കാന നിർമ്മിച്ചത്. എസ്റ്റിമേറ്റിൽ 4.97 ലക്ഷമാണ് നിർമ്മാണത്തിന് വകയിരുത്തിയിട്ടുള്ളത്. എസ്റ്റിമേറ്റിൽ പറഞ്ഞ പ്രകാരമുള്ള നിർമ്മാണം നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അപകാത കണ്ടെത്തിയത്.

നിർമ്മാണത്തിൽ പോരായ്മകളുള്ളതിനാൽ ഈ ഭാഗം പൊളിച്ചുനീക്കി പുനർനിർമ്മിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. നിർമ്മാർണ ശേഷം കാനയുടെ മുകളിലൂടെ ഇഷ്ടിക വിരിച്ച് സഞ്ചാരയോഗ്യമാക്കാനായി 4.18 ലക്ഷം അനുവദിച്ചിട്ടുണ്ട്.

കവിത രാമചന്ദ്രൻ

വാർഡ് അംഗം