പുതുക്കാട്: നമ്പർ പ്ലേറ്റില്ലാത്ത കാറിൽ സർക്കാർ വാഹനം എന്ന ബോർഡ് വച്ച് ശബരിമലയ്ക്ക് പോകുകയായിരുന്ന തെലങ്കാന സ്വദേശികളായ നാലു പേർ പിടിയിൽ. ദേശീയപാത പുതുക്കാട് സിഗ്‌നൽ ജംഗ്ഷനിൽ വച്ചാണ് പൊലീസ് പിടികൂടിയത്. വാഹനത്തിന്റെ രേഖകൾ പരിശോധിച്ച് നാലുപേരെയും വിശദമായി ചോദ്യം ചെയ്തു. ഒരാൾ തെലങ്കാനയിലെ ജല അതോറിറ്റിയിൽ സൂപ്രണ്ടിംഗ് എൻജിനിയറും രണ്ടുപേർ അസിസ്റ്റന്റ് എൻജിനിയർമാരും മറ്റൊരാൾ പി.എച്ച്.ഡി ബിരുദധാരിയുമാണ്.

വാടകയ്ക്ക് എടുത്ത വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഊരിമാറ്റിയാണ് കാറ്റിന്റെ മുൻവശത്ത് സർക്കാർ ബോർഡ് സ്ഥാപിച്ചത്. തെലങ്കാനയിൽ നിന്നും മണ്ണുത്തി വരെയുള്ള ടോൾ ബൂത്തുകളെ കബളിപ്പിച്ച് ഇവർ ചീറിപ്പായുകയായിരുന്നത്രെ. കടുപ്പശ്ശേരി സ്വദേശി കോക്കാട്ടിൽ നോയൽ ഡേവീസിന്റെ ശ്രദ്ധയിൽ നമ്പർ പ്ലേറ്റില്ലാത്ത കാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നോയൽ കാറിനെ പിൻതുടർന്ന് പാലിയേക്കര ടോൾ പ്ലാസയിലെത്തി വാഹനം തടഞ്ഞു.

പ്ലാസക്ക് സമീപം വാഹന പരിശോധന നടത്തിയിരുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി. അവർ എത്തിയപ്പോൾ പി.എച്ച്.ഡിക്കാരന്റെ സഹോദരൻ ഐ.എ.എസുകാരന്റെ പേര് പറഞ്ഞു. മോട്ടോർ വെഹിക്കിൾ ഉദോഗസ്ഥർ കരുതിയത് കാറിലുണ്ടായിരുന്നവർ എല്ലാം ഐ.എ.എസുകാരാണെന്നായിരുന്നു. വാഹനം കടന്നുപോകാൻ അവർ അനുവദിച്ചു. പിന്നീട് നോയൽ പുതുക്കാട് പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്നായിരുന്നു വാഹനവും യാത്രക്കാരെയും കസ്റ്റഡിയിലെടുത്തത്.

പൊലീസ് സ്റ്റേഷനിലെത്തിച്ച് വാഹനം നമ്പർ പ്ലേറ്റ് സ്ഥാപിച്ചാൽ മാത്രമേ വിട്ടുകൊടുക്കൂ എന്ന് അറിയിച്ചു. ശബരിമലയിൽ പോയി തിരിച്ചു വരുബോൾ നമ്പർ പ്ലേറ്റ് സ്ഥാപിച്ച് വാഹനം കൊണ്ടുപോകാമെന്ന് യാത്രക്കാർ ഉറപ്പുകൊടുത്തു. തുടർന്ന് വാടകയ്ക്ക് വിളിച്ച മറ്റൊരു ടാക്‌സിയിൽ യാത്ര തിരിച്ചു. നമ്പർ പ്ലേറ്റില്ലാതെ വാഹനം ഓടിച്ചതിന് 3000 രൂപ ഇവരിൽ നിന്നും പിഴയീടാക്കി.