വടക്കാഞ്ചേരി: വിപണിയിൽ ഭക്ഷ്യ ധാന്യങ്ങളുടെ വിലക്കയറ്റം തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രമ്യ ഹരിദാസ് എം.പി ലോകസഭയിൽ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കേരളത്തിൽ അരിവില സ്വകാര്യ വിപണിയിൽ ഏകദേശം 13 രൂപ വർദ്ധിച്ചതായും വെള്ള അരിയുടെ മൊത്തവില ഇപ്പോൾ കിലോയ്ക്ക് 53 രൂപയായപ്പോൾ മട്ട അരി കിലോയ്ക്ക് 50 രൂപയിലെത്തിയതായും എം.പി പറഞ്ഞു.
സാധാരണക്കാരായ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന റേഷൻ കടയിലൂടെ വിതരണം ചെയ്യുന്ന അരിയുടെ സബ്‌സിഡിയും അളവും വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്നും വിവിധ കാറ്റഗറികൾ പരിഗണിക്കാതെ ആളുകൾക്ക് റേഷൻ കടകളിൽ സബ്‌സിഡിയോടെ കൂടുതൽ അരി വിതരണം ചെയ്യണമെന്നും രമ്യ ഹരിദാസ് ആവശ്യപ്പെട്ടു. മതിയായ അളവിൽ ഭക്ഷ്യധാന്യം ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെണമെന്നും കൂടാതെ അരി വില നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും രമ്യഹരിദാസ് ആവശ്യപ്പെട്ടു.