posco

കൊടുങ്ങല്ലൂർ : പോക്‌സോ കേസിലെ പ്രതിക്ക് 20 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 2013 വർഷത്തിൽ എടവിലങ്ങിൽ പ്രയപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് വിധി. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ എടവിലങ്ങ് കുന്നത്ത് സുമേഷിനെയാണ് (41) ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സെഷൻസ് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി കെ.പി പ്രദീപ് 20 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനായി അഡ്വ.കെ.എൻ സിനിമോൾ ഹാജരായി. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറായിരുന്ന പി.കെ പത്മരാജൻ, എ.എസ്.ഐമാരായ ബിജു ജോസ് , സുനിൽ കുമാർ എന്നിവരാണ് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം തയ്യാറാക്കിയത്.