kadha

തൃശൂർ: അമേരിക്കയിൽ കഥകളി അവതരിപ്പിച്ചതിന് മുൻകൂറായി ലഭിച്ച നാല് ലക്ഷത്തിൽ നിന്ന് കലാമണ്ഡലത്തിലെ കലാകാരന്മാർക്ക് നിസാരതുക വീതിച്ചു നൽകും. ചെലവ് കഴിച്ചുള്ളതിൽ പകുതി കലാമണ്ഡലത്തിനാണ്. ബാക്കി സീനിയോറിറ്റി പ്രകാരം 15 കലാകാരന്മാർക്ക് വീതിക്കുമ്പോൾ നാലയിരമോ അതിൽ താഴെയോ ഒരാൾക്ക് ലഭിക്കും.
ബാക്കി തുകയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പി.ആർ.ഒ ആയിരുന്ന ഗോപീകൃഷ്ണനായിരുന്നു യാത്രാചുമതല. സ്‌പോൺസറായ അമേരിക്കയിലെ ലിങ്കൺ സൊസൈറ്റി 12 ലക്ഷം നൽകിയെന്നാണ് വിവരം. പരിപാടി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും വിഹിതം കിട്ടാത്തതിനെ കലാകാരന്മാർ ചോദ്യം ചെയ്തപ്പോഴാണ് ബാക്കി തുക ഗോപീകൃഷ്ണന്റെ അക്കൗണ്ടിലെത്തിയെന്ന് അറിഞ്ഞത്.
ക്രമക്കേടിന് പിരിച്ചുവിടും മുമ്പ് ഗോപീകൃഷ്ണൻ തുക അടച്ചുവെന്ന് അധികൃതർ പറയുന്നു. എന്നിട്ടും അതുകൂടി ചേർത്ത് ചെലവ് കഴിച്ചുള്ളത് വീതിച്ചില്ല. മതിയായ രേഖകളില്ലെന്നാണ് വാദം. ഗോപീകൃഷ്ണൻ ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് തുക തിരിച്ചടച്ചതെന്ന ചോദ്യത്തിന് അധികൃതർക്ക് മറുപടിയില്ല.

നികുതിയിലും ആശയക്കുഴപ്പം

നികുതിയിനത്തിൽ ലിങ്കൺ സൊസൈറ്റി 30 ശതമാനം തുക (3,60,000) പിടിച്ചുവച്ചിരുന്നുവെന്നും അപേക്ഷിച്ചാൽ നികുതിയിളവ് കിട്ടുമെന്നും ഗോപീകൃഷ്ണൻ പറഞ്ഞിരുന്നുവത്രെ. ഈ തുക പിന്നീട് ഗോപീകൃഷ്ണന് കിട്ടിയോ എന്ന് വ്യക്തമല്ല. പിരച്ചുവിടപ്പെട്ട അദ്ദേഹവുമായി ആർക്കും ബന്ധമില്ല. നികുതിയിളവിനെപ്പറ്റി അറിയാൻ കലാമണ്ഡലം ലിങ്കൺ സൊസൈറ്റിക്ക് ഇ മെയിൽ അയക്കുമെന്നാണ് വിവരം. ഇപ്പോൾ മുൻകൂർ തുകയുടെ നിസാര വിഹിതം നൽകി ഫയൽ അടയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.