
തൃശൂർ: യു.ഡി.എഫിൽ കുഴപ്പങ്ങളുണ്ടാക്കി ലീഗിനെ അടർത്താൻ അടുപ്പത്ത് വച്ച വെള്ളം വേവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
ആ പരിപ്പൊന്നും ഇവിടെ വേവില്ല. മുസ്ലീംലീഗ് തീവ്രവാദബന്ധമുള്ള പാർട്ടിയാണെന്ന പിണറായി വിജയന്റെ നിലപാട് എം.വി ഗോവിന്ദൻ തിരുത്തിയതിൽ സന്തോഷമുണ്ട്. ലീഗ് യു.ഡി.എഫിന്റെ അഭിവാജ്യ ഘടകമാണ്. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് നിയമസഭയിൽ ഉൾപ്പെടെ പ്രവർത്തിക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്ക് ശക്തമായ പിന്തുണയാണ് ലീഗ് നൽകിയത്. തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ ഉജ്ജ്വല വിജയമാണ് യു.ഡി.എഫിന് കിട്ടിയത്. ഇടതുസർക്കാർ പ്രതിക്കൂട്ടിലാകുമ്പോൾ ശ്രദ്ധതിരിക്കാനാണ് സി.പി.എം ഓരോ വിഷയവുമായി വരുന്നതെന്ന് സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് സ്വകാര്യ ബില്ലായി രാജ്യസഭയിൽ വന്നപ്പോൾ കോൺഗ്രസ് അംഗം ജെബി മേത്തർ ശക്തമായി എതിർത്തിരുന്നു. ഗാന്ധിജിയെയും അംബേദ്കറെയും ഉദ്ധരിച്ചുള്ള ജെബിയുടെ പ്രസംഗത്തിനിടെ കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഇടപെടുകയും ചെയ്തു. പ്രസംഗത്തിന്റെ വീഡിയോയുണ്ട്. കർണാടകത്തിൽ നിന്നുള്ള ഹനുമന്തപ്പയും ബില്ലിനെ എതിർത്ത് സംസാരിച്ചു. പി.വി അബ്ദുൾ വഹാബിന്റെ പരാമർശത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം.
കെ. സുരേന്ദ്രനോട് അഭിപ്രായം ചോദിച്ചല്ല യു.ഡി.എഫ് തീരുമാനങ്ങളെടുക്കുന്നത്. യു.ഡി.എഫിന് സ്വന്തമായ രാഷ്ട്രീയവും തീരുമാനങ്ങളുമുണ്ട്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്ലിനെ പല്ലും നഖവും ഉപയോഗിച്ചാണ് യു.ഡി.എഫ് നിയമസഭയിൽ എതിർക്കുന്നത്. കൂട്ടായി തീരുമാനങ്ങളെടുത്ത് ഒറ്റക്കെട്ടായാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നത്. 23 വർഷത്തിന് ശേഷം കെ.എസ്.യു വിജയിച്ചതാണ് മേപ്പാടി കോളജിലെ സംഘർഷത്തിന് കാരണം. മുൻ എസ്.എഫ്.ഐക്കാരായ മയക്കുമരുന്ന് സംഘവുമായാണ് സംഘർഷം ഉണ്ടായതെന്ന് ജില്ലാ വൈസ് പ്രസിഡന്റ് തന്നെ പറഞ്ഞിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
വലതു നിലപാട് തിരുത്തി വന്നാൽ
വാതിലടയ്ക്കില്ല: എം.വി.ഗോവിന്ദൻ
കോഴിക്കോട് : മുസ്ലിംലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും എന്നാൽ വലതു പക്ഷ നിലപാട് തിരുത്തി വരുന്ന ആർക്ക് മുന്നിലും വാതിലടയ്ക്കില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ലീഗിനെപ്പറ്റി അഭിപ്രായം പറഞ്ഞത് തിരഞ്ഞെടുപ്പോ രാഷ്ട്രീയ കൂട്ടുകെട്ടോ മുന്നിൽക്കണ്ടല്ല. നിലപാട് അവരാണ് തീരുമാനിക്കേണ്ടത്. ലീഗിനെ ജനാധിപത്യ പാർട്ടിയായിട്ടാണ് കാണുന്നത്. ഗവർണറുടെ നിലപാടിനെതിരെയും വർഗീയപരാമർശം നടത്തിയവർക്കെതിരെയും ഏക സവിൽകോഡ് വിഷയത്തിലും ലീഗിന്റെ നിലപാടുകൾ മതനിരപേക്ഷതയ്ക്ക് അനുകൂലമാണ്.
ഇടതുമുന്നണി രാഷ്ട്രീയ കൂട്ടുകെട്ടാണ്. അത് ഒരു പ്രസ്താവന കൊണ്ട് രൂപം കൊള്ളുന്നതല്ല. കോൺഗ്രസിനെത്തന്നെ ശരിയായ ദിശയിലേക്ക് നയിക്കാൻ ഉതകുന്ന നിലപാടാണ് മുസ്ലിംലീഗ് സ്വീകരിച്ചത്. ഗവർണർ വിഷയത്തിലുൾപ്പെടെ പ്രതിപക്ഷ നേതാവിന്റെ വ്യത്യസ്ത നിലപാട് കോൺഗ്രസിന് മാറ്റേണ്ടിവന്നു.
സി.പി.എമ്മിന്റെകപട പ്രണയത്തിൽ
മുസ്ലിംലീഗ് വീണുപോകില്ല: സി.പി.ജോൺ
കണ്ണൂർ: സി.പി.എമ്മിന്റെ കപടപ്രണയത്തിൽ വീണുപോകുന്നവരല്ല മുസ്ലിംലീഗെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ. കണ്ണൂരിൽ കെ.എസ്.വൈ.എഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫാണ് യു.ഡി.എഫിനെക്കാൾ നല്ലതെന്ന് പറഞ്ഞ് കേരളത്തിലെ ഒന്നോ രണ്ടോ സീറ്റ് പിടിച്ചെടുക്കാൻ വേണ്ടി മുസ്ലിംലീഗിനോട് എം.വി. ഗോവിന്ദൻ കാണിക്കുന്ന കപട പ്രണയം വിലപ്പോകില്ല. ഇത് ബി.ജെ.പിയെ തകർക്കാനല്ല. പകരം കേരളത്തിൽ കോൺഗ്രസിനെ ദുർബലപ്പെടുത്താനാണ്. ലീഗ് വർഗീയ പാർട്ടിയല്ലെന്ന് പറയുന്ന എം.വി. ഗോവിന്ദൻ ഇ.എം.എസിനെ തള്ളിപ്പറയുകയാണ്. നേരത്തെ എം.വി. രാഘവൻ പറഞ്ഞതാണ് ഇതൊക്കെ. ഈ സാഹചര്യത്തിൽ എം.വി. ഗോവിന്ദൻ ഇപ്പോൾ സി.പി.എമ്മാണോ സി.എം.പിയാണോ എന്ന് വ്യക്തമാക്കണം. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇരുപത് സീറ്റിലും വിജയിക്കുന്ന തരത്തിലുള്ള ഒരുക്കങ്ങളാണ് യു.ഡി.എഫ് നടത്തുന്നതെന്നും സി.പി. ജോൺ പറഞ്ഞു.
ലീഗ് വർഗീയ പാർട്ടി: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: മുസ്ലിംലീഗിനെ മുന്നണിയിലേക്ക് എടുക്കുന്നതിനുള്ള ആസൂത്രണം അണിയറയിൽ നടക്കുന്നതിന് ആക്കം കൂട്ടുന്നതാണ് എം.വി. ഗോവിന്ദന്റെ പ്രസ്താവനയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുസ്ലിംലീഗ് തികഞ്ഞവർഗീയ പാർട്ടിയാണ്. വിഭാഗീയ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണെന്നും എല്ലാവർക്കും അറിയാം. ലീഗ് ഇല്ലാത്ത ഭരണം കൊണ്ട് വരികയാണ് ലക്ഷ്യമെന്ന് ഇ.എം.എസും നായനാരും വി.എസും പറഞ്ഞതാണ്. ഇപ്പോൾ സി.പി.എം നടത്തുന്നത് വർഗീയമായി ജനങ്ങളെ ധ്രുവീകരിക്കാനുള്ള നീക്കമാണ്. വൈകാതെ സി.പി.ഐയും ലീഗിന്റെ മുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്യും. നാല് വോട്ടിന് വേണ്ടി നാടിന്റെ മതസൗഹാർദ്ദം തകർക്കുന്ന നീക്കമാണിത്.
ലീഗ് യു.ഡി.എഫിന്റെ
അവിഭാജ്യഘടകം:
സാദിഖലി തങ്ങൾ
മലപ്പുറം: മുസ്ലിം ലീഗ് വർഗ്ഗീയ പാർട്ടി അല്ലെന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് മാത്രമല്ല, കേരളത്തിൽ മൊത്തമുള്ള അഭിപ്രായമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ലീഗിന്റെ കഴിഞ്ഞകാല ചരിത്രവും പ്രവർത്തനവും പഠിക്കുന്ന ആർക്കും ഇക്കാര്യം വ്യക്തമാകും. ഈ പ്രസ്താവന എൽ.ഡി.എഫിലേക്കുള്ള ക്ഷണമായി കാണുന്നില്ല.ലീഗിന് ആരുടെയും ക്ഷണം ഇപ്പോൾ ആവശ്യമില്ല. ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ്.
ലീഗ് വർഗീയ പാർട്ടിയല്ല: ഐ.എൻ.എൽ
മലപ്പുറം: മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന അഭിപ്രായം ഐ.എൻ.എല്ലിന് ഇല്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. എൽ.ഡി.എഫിനൊപ്പവുംലീഗ് പ്രവർത്തിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിലെ അവരുടെ പ്രവർത്തനങ്ങളെ വിലയിരുത്തിയാവാം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ലീഗ് വർഗിയ പാർട്ടിയല്ലെന്ന് പറഞ്ഞ്. ലീഗിനെ രാഷ്ട്രീയ പാർട്ടിയെന്ന നിലയിലാണ് ഐ.എൻ.എൽ കാണുന്നത്. എല്ലാ മതേതര കക്ഷികളും ഫാസിസ്റ്റ് നീക്കത്തെ ചെറുക്കുന്നതിന് ഒന്നിക്കണമെന്നാണ് ഐ.എൻ.എല്ലിന്റെ നിലപാടെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
ഏക സിവിൽ കോഡ്; കോൺഗ്രസ് കൂടുതൽ
ശ്രദ്ധിക്കണമായിരുന്നു: പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഏക സിവിൽ കോഡ് വിഷയം ഗൗരവമേറിയതാണെന്നും ഇക്കാര്യം കോൺഗ്രസടക്കമുള്ള മതേതര പാർട്ടികൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യസഭയിൽ ബില്ലിനെ എതിർത്ത് സംസാരിക്കാൻ കോൺഗ്രസിലെ ആരെയും കാണാത്തതാണ് ലീഗ് അംഗം പി.വി.അബ്ദുൾ വഹാബിന്റെ പരാമർശത്തിന് കാരണം. മറ്റ് വിലയിരുത്തലുകൾ ആവശ്യമില്ലെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.