app-

തൃശൂർ: സൗഹൃദം പങ്കുവച്ചും പ്രണയിച്ചും കുട്ടികളെ ചൂഷണം ചെയ്യുന്ന ഡേറ്റിംഗ് ആപ്പുകളും, പണം തട്ടിപ്പുകൾക്കുള്ള ലിങ്കുകളുമായുള്ള ആപ്പുകളും വലക്കണ്ണികൾ മുറുക്കുന്നു. അടുത്തിടെ ഇന്റർപോൾ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ രാജ്യാന്തരബന്ധമുള്ള ഡേറ്റിംഗ് ആപ്പ് ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് തട്ടിപ്പെല്ലാം. കുട്ടികൾ ഇന്റർനെറ്റിൽ പരതുന്ന വഴികൾ രക്ഷിതാക്കൾ അറിയണമെന്നില്ല. അവർ കൂട്ടുതേടി ചതിക്കുഴികളിൽപെടുമ്പോഴാണ് മിക്കവരും അറിയുക.

ഡേറ്റിംഗ് ആപ്പുകളെക്കുറിച്ച് രക്ഷിതാക്കൾക്കും കാര്യമായ അറിവുണ്ടാകണമെന്നില്ല. അജ്ഞാതരായ ചിലർ, വ്യാജപ്രൊഫൈലുണ്ടാക്കി കുട്ടികളുമായി സൗഹൃദം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ കുട്ടികളെ വശീകരിക്കും. പതിയെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കും. അതേസമയം, ഗൂഗിൾ വഴി സെർച്ച് ചെയ്ത് കിട്ടുന്ന ലിങ്കുകൾ, ഇ മെയിൽ, സോഷ്യൽ മീഡിയ എന്നിവ വഴി ലഭിക്കുന്ന ലിങ്കുകൾ ഉപയോഗിച്ച് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് തട്ടിപ്പുകളിൽ കുടുങ്ങുന്നവരുമുണ്ട്.

ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അവ ആവശ്യപ്പെടുന്ന പെർമിഷൻ പരിശോധിക്കാതെ ആപ്പിന്റെ പ്രവർത്തനത്തിന് ആവശ്യമില്ലാത്ത പെർമിഷൻ കൊടുക്കുന്നത് വഴിയും തട്ടിപ്പുകൾക്ക് ഇരയാകുന്നുണ്ട്. തട്ടിപ്പിനിരയാവുന്ന കുറച്ചുപേർ മാത്രമാണ് പരാതിയുമായി രംഗത്തെത്തുന്നത്. അതുകൊണ്ട് തട്ടിപ്പുകാർക്ക് ഇത് വളമാകും.

ശ്രദ്ധിക്കാൻ

മൊബൈൽ ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റം, ആന്റിവൈറസ് സോഫ്ട്‌വെയറുകൾ അടിക്കടി അപ്‌ഡേറ്റ് ചെയ്യണം.
വളരെ അത്യാവശ്യമായവ ഒഴികെ, ബാക്കിയുള്ള ആപ്പുകൾ അൺ ഇൻസ്റ്റാൾ ചെയ്യുക
ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് മാത്രം ആപ്പ് ഡൗൺലോഡ് ചെയ്യുക.
ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ ആപ്പുകളോട് ലിങ്ക് ചെയ്യുന്നത് സൂക്ഷിച്ചുവേണം.
കൃത്യമായ വിവരം നൽകാത്ത പ്രൊഫൈലുകളോട് ജാഗ്രത പുലർത്തി സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കുക.

കുട്ടികളിൽ കണ്ണ് വേണം

തട്ടിപ്പിൽ കുരുങ്ങാതിരിക്കാൻ കുട്ടികളാണ് ജാഗ്രത പാലിക്കേണ്ടത്. അവർ അപകടങ്ങളിലെത്താതിരിക്കാനുള്ള വഴിയടക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സാമൂഹ്യമാദ്ധ്യമങ്ങളിലെ അക്കൗണ്ട് വിവരങ്ങളും ഫോൺ നമ്പർ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങളും അപരിചിതർക്ക് നൽകരുത്.

ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യും മുൻപ് അവയുടെ ക്രെഡിബിലിറ്റി, റിവ്യൂ എന്നിവയെ കുറിച്ച് വിലയിരുത്തണം. മൊബൈൽ ഫോൺ വാങ്ങുമ്പോഴും സർവീസ് ചെയ്ത ശേഷവും ഫാക്ടറി റീസെറ്റ് ചെയ്ത ശേഷം മാത്രം ഉപയോഗിക്കണം.

സൈബർ പൊലീസ്