
തൃശൂർ: ക്ഷീരകർഷകർക്ക് കുറഞ്ഞ നിരക്കിൽ കാലിത്തീറ്റ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരാനുള്ള കിസാൻ തീവണ്ടി പദ്ധതിയുടെ പ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് റവന്യൂമന്ത്രി കെ.രാജൻ. ഒല്ലൂക്കര ബ്ലോക്ക് ക്ഷീരസംഗമവും പാണഞ്ചേരി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ 50ാം വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അന്യസംസ്ഥാനങ്ങളിൽ നിന്ന് വയ്‌ക്കോലും കാലിത്തീറ്റയും കുറഞ്ഞ നിരക്കിൽ ട്രെയിൻ മാർഗം കേരളത്തിലെത്തിച്ച് കാലിത്തീറ്റ ക്ഷാമം പരിഹരിക്കാനാണ് ശ്രമം. പദ്ധതിയുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായുള്ള ചർച്ച അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സംസ്ഥാനത്തിനായി. ആന്റിബയോട്ടിക് ചേർന്ന പാൽ സംസ്ഥാനത്തിന് പുറത്ത് നിന്ന് കൊണ്ടുവരുന്നതിന്റെ അളവ് കുറയ്ക്കാനും സാധിച്ചുവെന്നും പറഞ്ഞു. ഒല്ലൂക്കര ബ്ലോക്കിലെ മികച്ച ക്ഷീരകർഷകരെയും സംഘങ്ങളെയും ആദരിച്ചു. ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ രവി അദ്ധ്യക്ഷനായി. സിനില ഉണ്ണികൃഷ്ണൻ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, ക്ഷീരസംഘം പ്രസിഡന്റ് ഭാസ്‌കരൻ ആദങ്കാവിൽ തുടങ്ങിയവർ പങ്കെടുത്തു.