kisansabha

തൃശൂർ: കർഷകസമരങ്ങളുടെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ, കേരളത്തിന്റെ ആദ്യ മന്ത്രിസഭാ നായകനായ ഇ.എം.എസ് മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെയുള്ളവരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഫോട്ടോകൾ, ലഘുവിവരണങ്ങൾ...
കിസാൻസഭാ അഖിലേന്ത്യാ സമ്മേളനത്തിന്റെ മുന്നോടിയായുള്ള തേക്കിൻകാട് മൈതാനിയിലെ പ്രദർശനത്തിൽ കൗതുകങ്ങളും വിസ്മയങ്ങളുമേറെ.

ഡൽഹിയിൽ ഭരണാധികാരികൾ മുട്ടുമടക്കേണ്ടിവന്ന കർഷകപ്രക്ഷോഭത്തിന്റെ നൂറിലേറെ ചിത്രങ്ങളുണ്ട്. നാസിക്കിൽ നിന്ന് മുംബയിലേക്കും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്കും നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടി സമരത്തിനെത്തിയ കർഷകരുടെ ചിത്രങ്ങളും ലോംഗ് മാർച്ചിൽ പങ്കെടുത്ത കർഷകയുടെ അടർന്ന കാൽപ്പാദം വൃത്തിയാക്കി ഡോക്ടർ തുന്നിക്കെട്ടുന്ന ചിത്രവുമെല്ലാം ശ്രദ്ധേയം. കർഷക പ്രക്ഷോഭത്തെ നേരിടാൻ റോഡിൽ മുൾക്കമ്പിവേലിയും മതിലും ടാങ്കറും നിരത്തിയതിന്റെ ചിത്രവും വേറിട്ട കാഴ്ച.
നൂറുകണക്കിന് തോക്കുകളുമായി കർഷകരെ നേരിടുന്ന സേന, പതിനായിരങ്ങളുടെ ലോംഗ് മാർച്ച്, സമരമുഖത്തുണ്ടായിരുന്ന ഹനൻമുള്ള, ഡോ.അശോക് ധാവ്‌ള, ഡോ.വിജു കൃഷ്ണൻ, പി.കൃഷ്ണപ്രസാദ് തുടങ്ങിയ കിസാൻസഭാ അഖിലേന്ത്യാ നേതാക്കൾ ഇവരെയെല്ലാം ചിത്രങ്ങളിൽ കാണാം.


രാജഭരണത്തിൽ നിന്ന് ജനാധിപത്യ ഭരണത്തിലേക്കുള്ള മാറ്റത്തിന്റെ പൂർണരൂപവും ദൃശ്യമാകും. 1729 മുതൽ തിരുവിതാംകൂർ ഭരിച്ച അനിഴം തിരുനാൾ മാർത്താണ്ഡവർമ മുതൽ 1991ലെ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമവരെയുള്ള രാജാക്കന്മാരുടെ ചിത്രങ്ങളും 1888ൽ ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ആദ്യമായി നിയമനിർമ്മാണം രൂപീകരിച്ച രാജാവ്, കൊച്ചി മഹാരാജാക്കന്മാർ എന്നിവരെയും കാണാം. 1957ൽ ലോകത്ത് ആദ്യമായി ബാലറ്റ്‌പെട്ടിയിലൂടെ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ചിത്രങ്ങൾക്കൊപ്പം, അന്നത്തെ പ്രതിപക്ഷ നേതാവ് പി.ടി ചാക്കോ, സ്പീക്കർ ആർ.ശങ്കരനാരായണൻതമ്പി, ഡെപ്യൂട്ടി സ്പീക്കർ കെ.ഒ ഐഷാബായി എന്നിവരുടെ ചിത്രങ്ങളുമുണ്ട്.

അയ്യൻകാളി, വി.ജെ.ടി ഹാൾ, സെക്രട്ടേറിയറ്റ്, പുതിയതും പഴയതുമായ നിയമസഭാ മന്ദിരങ്ങൾ, 1957ൽ ആദ്യമന്ത്രിസഭ രൂപീകരിച്ചത്, പിരിച്ചുവിട്ടത്, പ്രസിഡന്റ് ഭരണം ഏർപ്പെടുത്തിയത് തുടങ്ങിയ ദിവസങ്ങളിലെ പത്രങ്ങൾ, 1957 മുതൽ 2022 വരെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച മുഴുവൻ എം.എൽ.എമാരുടെയും ചിത്രങ്ങൾ എന്നിവയുമുണ്ട്.