thrithaloor-school
തൃത്തല്ലൂർ യു.പി സ്‌കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന പോഷകാഹാര പ്രദർശനം.

വാടാനപ്പിള്ളി: കുട്ടികൾ തയ്യാറാക്കിയ ചെറുധാന്യങ്ങളുടെ പോഷകാഹാര പ്രദർശനം പുത്തൻ അറിവുകളുടെ വേദിയായി. തൃത്തല്ലൂർ യു.പി സ്‌കൂൾ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പ്രദർശനത്തിൽ 245 ഇനം ഭക്ഷണങ്ങളാണ് തയ്യാറാക്കിയത്. ചെറുധാന്യങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷണം, പോഷക ഗുണങ്ങൾ കൂടുതലുള്ള ഭക്ഷണം, പാചകം ചെയ്യാത്ത ഭക്ഷണം എന്നിങ്ങനെ മൂന്നിനങ്ങളിലായി നടന്ന മത്സരത്തിൽ 81 കുട്ടികൾ പങ്കെടുത്തു. വാടാനപ്പിളളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി ഉദ്ഘാടനം ചെയ്തു. പ്രധാനദ്ധ്യാപിക സി.പി. ഷീജ അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗം കെ.എസ്. ധനീഷ് മുഖ്യാതിഥിയായി. കോ- ഓർഡിനേറ്റർ കെ.എസ്. ദീപൻ, പി.ടി.എ പ്രസിഡന്റ് എ.എ. ജാഫർ, സനിത സുരേഷ്, അമ്പിളി രാജൻ, കെ.ജി. റാണി, അജിത് പ്രേം പി, പി.വി. ശ്രീജമൗസമി, പി.പി. ജ്യോതി, കെ.എസ്. ഷീന എന്നിവർ പ്രസംഗിച്ചു. കമ്പം ഉപ്പുമാവ്, റാഗി ഉപ്പുമാവ്, പുല്ലുപൊടി ഊത്തപ്പം, തക്കാളി സവോള, ശർക്കര ചട്‌നി, കപ്പലണ്ടി പൊരിയൻ തുടങ്ങി ഒട്ടനവധി വിഭവങ്ങൾ പ്രദർശനത്തിനുണ്ടായിരുന്നു. ജനപ്രിയ വിഭാഗത്തിൽ ഒന്നാം സ്ഥാനം ദിഖറാ സാദിഖിന്റെ റാഗി ഹൽവയും, പി.എസ്. ആര്യൻ തയ്യാറാക്കിയ പൊങ്ങ് മസാലയും, പപ്പായ ലോലിപോപ്പും പങ്കിട്ടു. ചെറുധാന്യ വിഭാഗത്തിൽ യാദവ് കൃഷ്ണരാജ് ഒന്നാം സ്ഥാനവും, മിത്ര ജയരാജൻ രണ്ടാംസ്ഥാനവും, എം.എസ്. ഷഫീക്, ബഹ്‌സാദ് എന്നിവർ മൂന്നാം സ്ഥാനവും നേടി. പോഷക സമൃദ്ധഭക്ഷണ മത്സരത്തിൽ നിയ സുരേഷ് ഒന്നാം സ്ഥാനവും ആദിൽ ആർ.ജെ രണ്ടാം സ്ഥാനവും, ഷാന ഫാത്തിമ, ഫിദ ഫാത്തിമ എന്നിവർ മൂന്നാം സ്ഥാനവും നേടി. പാചകം ചെയ്യാത്ത ഭക്ഷണം തയ്യാറാക്കിയവരിൽ സോജിൻ എ.ജെ ഒന്നാം സ്ഥാനവും ഫഹമിദ സി.വി, മിത്ര ജയരാജൻ എന്നിവർ രണ്ടാം സ്ഥാനവും അനുമിത സൂരജ് മൂന്നാം സ്ഥാനവും നേടി.