super-market-
ചെന്ത്രാപ്പിന്നിയിലെ സൂപ്പർ മാർക്കറ്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് നശിച്ച പലചരക്ക് സാധനങ്ങൾ.

ചെന്ത്രാപ്പിന്നി: പാചകവാതകം ചോർന്ന് സൂപ്പർ മാർക്കറ്റിൽ തീപിടിത്തം. ചുപ്പി മാളിൽ പ്രവർത്തിക്കുന്ന ഡിന്നീസ് സൂപ്പർ മാർക്കറ്റിന്റെ സ്റ്റോർ റൂമിലാണ് പാചക വാതകം ചോർന്ന് തീ പടർന്ന് അപകടമുണ്ടായത്. ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടൽ മൂലം വൻ അപകടം ഒഴിവായി. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം.

സൂപ്പർ മാർക്കറ്റിലെ ജീവനക്കാർ ചായ ഉണ്ടാക്കാനായി ഗ്യാസ് അടുപ്പ് കത്തിച്ചപ്പോഴാണ് തീ ആളിപ്പടർന്നത്. സ്റ്റോർ റൂമിലെ പലചരക്ക് സാധനങ്ങളിലേക്കും തീ പടർന്നു. ഉടനെ തൊട്ടടുത്ത ബ്യൂട്ടി പാർലറിലെ അതിഥി തൊഴിലാളി ഗ്യാസ് സിലിണ്ടർ പുറത്തേക്ക് വലിച്ചുമാറ്റി തീ കെടുത്തിയതിനാൽ അപകടാവസ്ഥ ഒഴിവായി.

തീയണക്കാൻ ശ്രമിക്കുന്നതിനിടെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിക്ക് നിസാര പരിക്കേറ്റു. കയ്പമംഗലം പൊലീസും നാട്ടികയിൽ നിന്ന് ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. അപകട സമയത്ത് അവസരോചിതമായി ഇടപെട്ട് തീയണക്കാൻ ശ്രമിച്ച ജീവനക്കാരെ എസ്.ഐ. കൃഷ്ണപ്രസാദ് അനുമോദിച്ചു.