വടക്കാഞ്ചേരി: ചേപ്പലക്കോട് പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി കാട്ടാന ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. ചേപ്പലക്കോട് ഉപ്പഴക്കാട്ട് ജയന്റെ തോട്ടത്തിലെ വാഴയും മറ്റ് പച്ചക്കറികളും നശിപ്പിച്ച നിലയിലാണ്. ഇയാളുടെ വീടിനോട് ചേർന്നുള്ള പറമ്പിലാണ് ആന ഇറങ്ങിയത്. രാത്രിയിൽ ശബ്ദം കേട്ട വീട്ടുകാർ നോക്കിയപ്പോഴാണ് ആനയെ കണ്ടത്. വാഴാനി പ്രദേശത്ത് നേരത്തെയും കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. കുതിരാൻ പാത തുറന്നതോടെയാണ് ഈ പ്രദേശത്ത് ആനകൾ എത്താൻ തുടങ്ങിയത്. ആനകൾ നാട്ടിലിറങ്ങുന്നത് തടയാൻ നടപടിയെടുക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും നടപടി ഉണ്ടായില്ല. അടിക്കടി ആനയിറങ്ങുന്നതു മൂലം ജനങ്ങൾ ഏറെ ഭീതിയിലാണ്.