എടമുട്ടം: കഴിമ്പ്രം സ്വപ്നതീരത്തെത്തിയാൽ അസ്തമയ സൂര്യനെ കണ്ട്, തിരമാലകളുടെ ചാരത്തിരുന്ന് എം.ടിയെയും മാധവിക്കുട്ടിയെയും വായിക്കാം. ബെന്യാമിന്റെ ആടുജീവിതവും, മലാല യൂസഫ്സായിയുടെ ആത്മകഥയും വായിക്കാം. സച്ചിൻ ടെൻഡുക്കർ, എം. മുകുന്ദൻ, ഒ.വി. വിജയൻ എന്നിവരെയെല്ലാം ആഴത്തിലറിയാം.

കഴിമ്പ്രം സ്വപ്ന തീരത്ത് ചില ചെറുപ്പക്കാർ ചേർന്നാരംഭിച്ച പറുദീസ ഭക്ഷണശാലയോട് അനുബന്ധമായാണ് ലൈബ്രറി ഒരുക്കിയിരിക്കുന്നത്. കഴിമ്പ്രം സ്വദേശികളായ മുൻ ജില്ലാ പഞ്ചായത്ത് അംഗം ശോഭ സുബിൻ, ഹരിറാം പ്രകാശൻ, ശ്യാം ചന്ദ്രൻ, ബിനോയ് ലാൽ, കെ.എം. സുദേവ് എന്നിവരുടെ നേതൃത്വത്തിലാണ് ലൈബ്രറിയുടെ പ്രവർത്തനം.

ബീച്ചിലെത്തുന്ന ആർക്കും പുസ്തകങ്ങൾ ഉപയോഗപ്പെടുത്താം. ആദ്യത്തെ ഒരാഴ്ച പുസ്തകങ്ങൾ വായിക്കാൻ എടുക്കുന്നവർക്ക് കട്ടനും കടിയും ഫ്രീയായി നൽകും. പുസ്തകമെടുത്ത് ബീച്ചിന് അഭിമുഖമായി ഇട്ടിരിക്കുന്ന ബെഞ്ചിലും ഓപ്പൺ ഗാലറിയിലുമിരുന്ന് വായിക്കാം. ബീച്ചിന് അടുത്തുള്ള ജി.എഫ്.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്കും സൗജന്യമായി പുസ്തകങ്ങൾ വായിക്കാൻ നൽകും.

പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക് ഓപ്പൺ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ഷൈൻ നെടിയിരിപ്പിൽ അദ്ധ്യക്ഷനായി. പഞ്ചായത്തംഗം വൈശാഖ് വേണുഗോപാൽ, സുധാകരൻ നെടിയിരിപ്പിൽ, ശ്യം ചന്ദ്രൻ നെടിയിരിപ്പിൽ, ഹിരോഷ് കോവിൽ തെക്കേവളപ്പിൽ, ശരത്ത് ചന്ദ്രൻ നെടിയിരിപ്പിൽ, കൃഷ്ണദാസ് കഴിമ്പ്രം എന്നിവർ സംസാരിച്ചു.

വായനയെ തിരിച്ച് കൊണ്ടുവരിക, കഴിമ്പ്രം ബീച്ചിനെക്കുറിച്ച് കൂടുതൽ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ശോഭ സുബിൻ