
വലപ്പാട്: വെല്ലുവിളികളെയും തുടർച്ചയായ പരാജയങ്ങളെയും കഠിന പരിശ്രമങ്ങളിലൂടെ മറികടന്ന സ്വന്തം ജീവിത കഥ പറഞ്ഞ് ആലപ്പുഴ ജില്ലാ കളക്ടർ എം.കൃഷ്ണതേജ. മണപ്പുറം ഫിനാൻസ് ആസ്ഥാനത്ത് സരോജിനി പത്മനാഭൻ മെമ്മോറിയൽ വിമൺസ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്‌കൂളിൽ ശരാശരി വിദ്യാർത്ഥി മാത്രമായിരുന്നു ഞാൻ. കുടുംബത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് വിദ്യാഭ്യാസത്തിന്റെ മൂല്യം തിരിച്ചറിയാൻ സഹായകമായത്. അന്ന് മുതൽ നന്നായി പഠിക്കാനുള്ള ശ്രമം തുടങ്ങി. പത്താം ക്ലാസിലും ഹയർ സെക്കൻഡറിയിലും എൻജിനീയറിംഗ് ബിരുദ പഠനത്തിലും തിളക്കമാർന്ന ഉന്നത വിജയം നേടി. ഉയർന്ന ശമ്പളമുണ്ടായിരുന്ന സ്വകാര്യ കമ്പനി ജോലി വിട്ട് ഐ.എ.എസ് എടുക്കാൻ സിവിൽ സർവീസ് പരീക്ഷ എഴുതി. തുടർച്ചയായി മൂന്ന് തവണയാണ് പരീക്ഷയിൽ പരാജയപ്പെട്ടത്. കാരണം കണ്ടെത്താൻ കഴിയാതെ ശ്രമം ഉപേക്ഷിച്ചു.
പിന്നീട് സുഹൃത്തുക്കളല്ലാത്തവർ പോരായ്മകളെ തിരിച്ചറിയാൻ സഹായിച്ചു. ഇതു തിരിച്ചറിഞ്ഞ് ഒരു വർഷത്തെ പരിശ്രമത്തിലൂടെ പരീക്ഷ എഴുതിയപ്പോൾ വലിയ വിജയം നേടിയെന്നും കളക്ടർ പറഞ്ഞു. മണപ്പുറം ഫിനാൻസ് എം.ഡി വി.പി നന്ദകുമാർ അദ്ധ്യക്ഷനായി. വിമൺസ് ക്ലബ് പ്രസിഡന്റ് സൂര്യ പ്രഭ, ഡോ.സുമിത നന്ദൻ, ഇ.എൻ രവീന്ദ്ര ബാബു തുടങ്ങിയവർ സംസാരിച്ചു.