തൃശൂർ: പഴങ്കഥകളായി കേട്ടിരുന്ന ദുരാചാരങ്ങൾ തലപൊക്കി വരാതെയും ലഹരി മാഫിയകളെ നിയന്ത്രിച്ചും നാടിനെ സംരക്ഷിക്കണമെന്ന് സാഹിത്യകാരൻ ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. നന്മ ജില്ലാ കമ്മിറ്റി ലഹരി, അന്ധവിശ്വാസ ചൂഷണത്തിനെതിരെ സംഘടിപ്പിച്ച മാനവിക സംരക്ഷണ സാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിവിരുദ്ധ കാമ്പയിൻ വീട്ടകങ്ങളിൽ നിന്നുതന്നെ തുടങ്ങേണ്ട ഭീകരമായ സഹചര്യത്തിലാണ് നാമെന്നും അവിടുന്ന് തന്നെ ശുദ്ധീകരിച്ച് വരുന്നതിന് സമൂഹം തയ്യാറാവണമെന്നും അദ്ദേഹം സൂചിപ്പിച്ചു. തൃശൂർ റേഞ്ച് സിവിൽ എക്‌സൈസ് ഓഫീസർ കെ.ആർ. ശ്രീരാഗ്, സാംസ്‌കാരിക പ്രവർത്തക അഡ്വ. ആശ ഉണ്ണിത്താൻ, നാടകകൃത്ത് ഡോ. ശശീധരൻ കളത്തിൽ തുടങ്ങിയവർ സംസാരിച്ചു. അനിൽ പരക്കാടിന്റെ ശാസ്ത്രവും കപട ശാസ്ത്രവും പ്രായോഗികാവതരണും, ലഹരിക്ക് തീ പിടിക്കുന്നു എന്ന ജെയ്‌മോൻ അന്തിക്കാടിന്റെ ഏകപാത്ര നാടകവും സനു അശോക് നേതൃത്വം നൽകിയ താളവാദ്യ സംഗീതാവതരണങ്ങളും നടന്നു. നന്മ സംസ്ഥാന ട്രഷറർ മനോമോഹനൻ അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സദസിന് നന്മ ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണനുണ്ണി സ്വാഗതവും നന്മ സർഗവനിതാ ജില്ലാ സെക്രട്ടറി ഷീലാമണി നന്ദിയും പറഞ്ഞു.