ചാലക്കുടി: സായാഹ്നങ്ങളിൽ മാർക്കറ്റ് റോഡിലെ ജോൺസന്റെ നാൽച്ചക്ര വണ്ടിക്കരികെ എത്തുക...നിലക്കടലയും കപ്പലണ്ടിയും കൊറിക്കാം. കപ്പലണ്ടി കച്ചവടത്തിൽ വ്യത്യസ്തത തീർക്കുകയാണ് കൊരട്ടി സ്വദേശിയായ ജോൺസൺ. അരനൂറ്റാണ്ടിനപ്പുറം ബാല്യങ്ങളുടെ വായിൽ വെള്ളമൂറിയ ഇനങ്ങളാണ് ജോൺസന്റെ വണ്ടിയിൽ നിറയെ. ഒപ്പം പ്രേംനസീറും സത്യനും പാടി അഭിനയിച്ച സിനിമാഗാനങ്ങൾ അകമ്പടിയും. ഇതിനൊപ്പം കണ്ണഞ്ചിപ്പിക്കുന്ന മാല ലൈറ്റുകളും തെളിയുമ്പോൾ ഗൃഹാതുരതയുടെ അനുഭവം. കറുത്ത കടല, ഗ്രീംപീസ്, പൊട്ടുകടല, വടപ്പരിപ്പ്, വെള്ളക്കടല തുടങ്ങി നിരവധി ഇനങ്ങളാണ് പ്ലാസ്റ്റിക് ഡപ്പികളിൽ. ഇതിൽ ചിലതൊക്കെ റോസ്റ്റ് ചെയ്തും വച്ചിട്ടുണ്ട്. എല്ലാത്തിനും പൊതിക്ക് വില പത്തുരൂപ. മുപ്പതു വർഷം മുമ്പ് അമ്പതു പൈസയ്്ക്ക് കപ്പലണ്ടി വിറ്റിരുന്ന കാലം കൊരട്ടി മണ്ടിവീട്ടിൽ ജോൺസൺ ഓർത്തെടുത്തു. അന്നൊക്കെ പത്തും പതിനഞ്ചും രൂപയ്ക്ക് ഒരു കിലോ പച്ചക്കപ്പലണ്ടി കിട്ടിയിരുന്നു. ഇന്ന് രൂപ നൂറ്റിമുപ്പതും. ദിനംപ്രതി ഏഴു കിലോ കപ്പലണ്ടി വിൽക്കുമെന്ന് ജോൺസൺ പറയുന്നു. മറ്റിനങ്ങൾക്കും ചില്ലറകച്ചവടമുണ്ട്. പഴയ ഗാനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന അമ്പത്തിയഞ്ചുകാരൻ അതു ബാറ്ററിമൈക്കിലൂടെ അങ്ങാടിയിൽ കേൾപ്പിക്കുന്നതിൽ ഒരു കച്ചവടതന്ത്രവുണ്ട്. ചീനച്ചട്ടിയിൽ ചട്ടുകമിട്ടടിച്ച് ആളുകളെ ആകർഷിക്കുന്ന സ്ഥിരം രീതി ഒഴിവാക്കാൻ പാട്ടുകൾ ഉപകരിക്കുന്നുണ്ട്. ഇരുപത്തിയാഞ്ചാം വയസിൽ കൊരട്ടി അങ്ങാടിയിലായിരുന്നു വൈകുന്നേരങ്ങളിലെ കപ്പലണ്ടി കച്ചവടത്തിന്റെ ആരംഭം. തേങ്ങ പൊതിക്കൽ, മീൻ കച്ചവടം, ലോട്ടറി വിൽപ്പന അങ്ങനെ പലതും ചെയ്തു. ദിവസം മൂവായിരത്തോളം തേങ്ങ പൊതിക്കുമായിരുന്നു. മണ്ടരിയുടെ വരവോടെ അഞ്ഞൂറെണ്ണമെ ചെയ്തു തീർക്കാനായുള്ളു. ഇതോടെ കപ്പലണ്ടി വിൽപ്പനയിൽ മാത്രമായി ഒതുങ്ങി. എങ്കിലും രാത്രി ഏഴുമുതൽ പത്തുവരെ മാർക്കറ്റ് റോഡിൽ പലയിടത്തായി ജോൺസന്റെ വക ഇഷ്ടഗാനങ്ങളും നാവിൽ രുചിയൂറും ചൂടൻ കപ്പലണ്ടിയുമുണ്ടാകും.
പതിനഞ്ച് കിലോ കപ്പലണ്ടി വിൽപ്പനയുണ്ടായിരുന്ന കാലമൊക്കെ പഴങ്കഥയായി. ആളുകൾ പുറത്തിറങ്ങാൻ മടിക്കുന്നത് കച്ചവടത്തെ പകുതിയാക്കി.
-ജോൺസൺ.