ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ നടത്തിയ ഓഡിറ്റിംഗിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായി പൊതുപ്രവർത്തകൻ ബാബു ജോസഫ് പുത്തനങ്ങാടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവരാവകാശ രേഖ പ്രകാരം ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവർക്ക് ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കിൽ ലോകായുക്തയെ സമീപിക്കും. ഒ.പി ടിക്കറ്റ്‌വഴി എച്ച്.എം.സിയിലേയ്ക്ക് വരുന്ന വരുമാനത്തിൽ വലിയ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. റജിസ്റ്ററിൽ രേഖപ്പെടുത്തിയതും ബാങ്കിലെ കണക്കുകളും പൊരുത്തപ്പെടുന്നില്ല. ചെലവിനത്തിലും വലിയ വീഴ്ചകളുണ്ട്. ജീവനക്കാർക്ക് അനർഹമായി വേതനം നൽകി. ലീവ്, ഇ.എസ്.ഐ, പി.എഫ് എന്നിവയിലും ക്രമക്കേട് കണ്ടെത്തി. കാന്റീൻ കെട്ടിടത്തിന് തുച്ഛമായ വാടക ഈടാക്കിയെന്നും ഓഡിറ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയെന്നും ബാബു ജോസഫ് പറഞ്ഞു. 2021-22 വർഷത്തെ ഓഡിറ്റിംഗിലാണ് ഗുരുതരമായ ക്രമക്കേട്.