വയോധികനെ തെരുവ് നായ കടിച്ചു

കാരമുക്ക്: കാൽനട യാത്രക്കാരനായ വയോധികനെ തെരുവ് നായ കടിച്ചു. മാങ്ങാട്ടു കപ്പേളക്ക്‌ സമീപം വാലത്ത് പത്മനാഭനാണ് (82) ഇന്നലെ രാവിലെ വില്ലേജ് കോൺവെന്റ് റോഡിൽ വച്ച് കടിയേറ്റത്. ഇയാൾ തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടി.

മണലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. നായകളെ ഭയന്ന് വിദ്യാർത്ഥികൾ രക്ഷിതാക്കൾക്കൊപ്പമാണ് സ്കൂളുകളിലേക്ക് പോകുന്നത്. രാവിലെ പത്രവിതരണത്തിനായി പോകുന്ന ഏജന്റുമാരും ആരാധനാലയങ്ങളിൽ പോകുന്നവരും നായശല്യത്താൽ ഭീതിയിലാണ്. കൂട്ടമായെത്തുന്ന നായ്ക്കൾ ഇരുചക്ര വാഹനങ്ങളുടെ പിറകെ ഓടി വീഴ്ത്തുന്നതും, കാൽനടയാത്രക്കാരെ പിന്നിലൂടെയെത്തി കടിക്കുന്നതും, വളർത്തുമൃഗങ്ങളെ കടിച്ചുകൊല്ലുന്നതും വർദ്ധിച്ചിട്ടുണ്ട്. പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്.