kodi-kuthiതോട് നികത്തുന്നതിൽ പ്രതിഷേധിച്ച് എറിയാട് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നു.

കൊടുങ്ങല്ലൂർ: വെള്ളക്കെട്ട് ഭീഷണി നേരിടുന്ന എറിയാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിലെ തോട് നികത്താനുള്ള ശ്രമത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. വേലിയേറ്റ സമയത്തും, മഴക്കാലത്തും, കടൽ ക്ഷോഭത്തിൽ വെള്ളം കയറുമ്പോളും അറപ്പ പെരുന്തോട്ടിലേക്ക് വെള്ളം ഒഴുകി പോകുന്ന പ്രധാന തോടാണ് നികത്താൻ ശ്രമം ആരംഭിച്ചിട്ടുള്ളത്.

തോട് നികത്തുന്നതു മൂലം മഴക്കാലത്ത് സ്ഥലത്തെ തോട്ടിലെ ഒഴുക്ക് തടസപ്പെട്ട് പ്രദേശത്തെ വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയുണ്ടാകും. ഒരു മണിക്കൂർ തുടർച്ചയായി മഴ പെയ്താൽ തന്നെ ഇവിടെ വെള്ളക്കെട്ടുണ്ടാകും. ഈ സാഹചര്യത്തിൽ സ്ഥലത്തെ തോടുകൾ നികത്തിയാൽ ഗുരുതര സ്ഥിതിയുണ്ടാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.

തോട് നികത്തുന്നതിനെതിരെ നാട്ടുകാർ എറിയാട് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ടി.കെ. നസീർ, സി.ബി. ജമാൽ, എ.എം. നാസർ, എൻ.എം. റഫീഖ്, വി.എ. രാജേഷ്, പി.യു. ഗഫൂർ, കെ.എ. അഷറഫ് എന്നിവർ നേതൃത്വം നൽകി.