kk-ramachandaran

പുതുക്കാട് മണ്ണംപേട്ട റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തി നവീകരിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനച്ചടങ്ങിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ സംസാരിക്കുന്നു.

പുതുക്കാട്: 13 ജില്ലകളിലൂടെ കടന്ന് പോകുന്ന 1200 കി.മി മലയോര ഹൈവേയും 9 ജില്ലകളിലൂടെയുളള തീരദേശ ഹൈവേയും പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുന്ന പുതുക്കാട്-മണ്ണംപേട്ട റോഡിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ദേശീയപാത വികസനം യാഥാർത്ഥ്യമാക്കുന്നതോടൊപ്പം സമാന്തര പാതകളും വികസിപ്പിക്കുകയാണ്. ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കലിന് പണം ചെലവഴിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഭൂമി ഏറ്റെടുക്കലിനായി 5800 കോടി രൂപയാണ് ചെലവഴിച്ചത്. ജനങ്ങൾ സഞ്ചരിക്കുന്ന റോഡുകൾ ആധുനിക നിലവാരത്തിൽ മികച്ചതായിരിക്കണമെന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. ഗുണനിലവാരം ഉറപ്പുവരുത്തുന്ന ബി.എം ആൻഡ് ബി.സി നിർമ്മാണ രീതിയിൽ കേരളത്തിലെ അമ്പതു ശതമാനം പൊതുമരാമത്ത് റോഡുകൾ നവീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, അളഗപ്പ നഗർ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിൻസ്, സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അൽജോ പുളിക്കൻ, പഞ്ചായത്ത് അംഗങ്ങളായ ആൻസി ജോബി, സെബി കൊടിയാൻ, സജ്‌നാ ഷിബു, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ റാബിയ എന്നിവർ പങ്കെടുത്തു.

നവീകരണം 2.30 കി.മി ദൂരത്തിൽ
പുതുക്കാട് ദേശീയപാതയിൽ നിന്നും കാഞ്ഞൂപ്പാടം വഴി ചുങ്കം വരെ 2.30 കിലോമീറ്റർ ദൂരത്തിലാണ് നവീകരണം നടത്തുന്നത്. അപകടകരമായ വളവുകൾ നേരെയാക്കുന്നതിനും റോഡ് വീതി കൂട്ടുന്നതിന്റെയും ഭാഗമായി പ്രദേശവാസികൾ ഭൂമി വിട്ടു നൽകിയിരുന്നു. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല.