തൃശൂർ: ലോകത്തെ പകുതി കഥകളുടെയും അവകാശികൾ സ്ത്രീകളായ നിലയ്ക്ക് പെണ്ണെഴുത്ത് തുടങ്ങിയ വാക്കുകൾക്ക് പ്രസക്തിയില്ലെന്നും പ്രിവിലേജുകൾ നഷ്ടപ്പെട്ട മനുഷ്യന്റെ പ്രതിരോധമെന്ന നിലയിലാണ് താൻ സാഹിത്യത്തെ കാണുന്നതെന്നും എഴുത്തുകാരി കെ.ആർ. മീര. കേരള സാഹിത്യ അക്കാഡമി പുസ്തകോത്സവത്തിന്റെ ഒമ്പതാം ദിവസം എന്റെ രചനാലോകങ്ങൾ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
വി.കെ. കരുണാകരൻ, എൻ.എസ്. ജോർജ്, ബി. സുരേഷ് ബാബു, എം. ബാലൻ മാസ്റ്റർ, എം. ശിവശങ്കരൻ, ഐ. ബാലഗോപാൽ എന്നീ ഗ്രന്ഥശാലാപ്രവർത്തകരെ ആദരിച്ചു. മന്ത്രി കെ. രാജൻ പൊന്നാടയും ഫലകവും പ്രശസ്തിപത്രവും കാഷ് അവാർഡും നൽകി. മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനായി. വി.കെ. മധു, സാഹിത്യ അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ, സെക്രട്ടറി സി.പി. അബൂബക്കർ, ഹാരിഫാബി, സി.പി. ചിത്രഭാനു, കെ.ജി. പ്രാൺസിംഗ്, രാജൻ എലവത്തൂർ എന്നിവർ പ്രസംഗിച്ചു.
ഗയ പുത്തകച്ചാല പ്രസിദ്ധീകരിച്ച മംഗള കരാട്ടുപറമ്പിലിന്റെ കഥ പറയുംകാലം അക്കാഡമി സെക്രട്ടറി സി.പി. അബൂബക്കർ, സാവിത്രി ലക്ഷ്മണന് നൽകി പ്രകാശനം ചെയ്തു. ഗ്രീൻ ബുക്‌സ് പ്രസിദ്ധീകരിച്ച സി.പി. മധുസൂദനമേനോന്റെ പഞ്ചകൈലാസയാത്ര എം.കെ. രാമചന്ദ്രൻ എൻ. രാജന് നൽകിയും, ഋണാനുബന്ധം പി.വി. കൃഷ്ണൻനായർ ആർട്ടിസ്റ്റ് നന്ദൻപിള്ളയ്ക്കു നൽകിയും പ്രകാശനം ചെയ്തു. കലാക്ഷേത്ര രാഖി സതീഷ് അവതരിപ്പിച്ച ഭരതനാട്യവും കാർത്തിക ഉണ്ണികൃഷ്ണൻ അവതരിപ്പിച്ച കഥകും അരങ്ങേറി.
സാഹിത്യ അക്കാഡമി പുസ്തകോത്സവം സമാപിച്ചു
തൃശൂർ: സാഹിത്യ അക്കാഡമി അങ്കണത്തിൽ നടന്നുവന്ന ദേശീയ പുസ്തകോത്സവവും ദിശകൾ സാംസ്കാരികോത്സവവും സമാപിച്ചു. ഡോ. എം.വി. നാരായണൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. വായനയിലും കാഴ്ചയിലുമുണ്ടാകുന്ന പുതിയ മാറ്റങ്ങളെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി സി.പി. അബൂബക്കർ അദ്ധ്യക്ഷനായി. പുസ്തകോത്സവത്തെക്കുറിച്ചു തയ്യാറാക്കിയ റിപ്പോർട്ടും അദ്ദേഹം അവതരിപ്പിച്ചു.
പി.കെ. ഡേവീസ് മുഖ്യാതിഥിയായി. മുരളി ചീരോത്ത്, ഐ. ഷണ്മുഖദാസ്, ഇ.എം. സതീശൻ, അഡ്വ. വി.ഡി. പ്രേംപ്രസാദ്, റെജി ജോയ്, ഇ.ഡി. ഡേവീസ്, കെ.എസ്. സുനിൽകുമാർ എന്നിവരും സംസാരിച്ചു.
മികച്ച പുസ്തകരൂപകല്പന, മികച്ച സ്റ്റാൾ, മികച്ച പുസ്തകനിർമ്മിതി എന്നീ വിഭാഗങ്ങളിലെ പുരസ്കാരം നേടിയവർക്കും, പുസ്തകോത്സവത്തോടനുബന്ധിച്ചു നടത്തിയ കലാസാംസ്കാരികമത്സരങ്ങളിലെ വിജയികൾക്കുമുള്ള സമ്മാനങ്ങൾ ഡോ. എം.വി. നാരായണനും മുരളീ ചീരോത്തും വിതരണം ചെയ്തു. സമാപനസമ്മേളനത്തിനു ശേഷം രംഗചേതന അവതരിപ്പിച്ച നാടകം 'കാപാലിക' അരങ്ങേറി.