തൃശൂർ: മുൻകാലങ്ങളിൽ ഇല്ലാത്തതരത്തിൽ ഡിസംബറിൽ അടക്കം ചുഴലിക്കാറ്റുകൾ ഉണ്ടാകുന്നതിനാൽ മഴ വരുംദിവസങ്ങളിലും തുടർന്നേക്കും. തമിഴ്‌നാട്ടിൽ കരതൊട്ട 'മാൻഡോസ്' ചുഴലിക്കാറ്റ് ദുർബല ന്യുനമർദ്ദമായി വടക്കൻ തമിഴ്‌നാടിനും തെക്കൻ കർണാടകത്തിനും വടക്കൻ കേരളത്തിനും മുകളിലെത്തിയതോടെയാണ് കേരളത്തിൽ മഴ കനത്തത്. ഈ ചുഴലിക്കാറ്റിന്റെ തുടർച്ചയായി ഇനിയും ഉണ്ടാകാമെന്ന നിഗമനത്തിലാണ് കാലാവസ്ഥാ ഗവേഷകർ. കഴിഞ്ഞ ഏതാനും വർഷങ്ങളായുള്ള പ്രതിഭാസമാണിത്.
മാൻഡോസ് ചുഴലിക്കാറ്റ് അന്തരീക്ഷ ചുഴിയായി രൂപാന്തരപ്പെട്ട് ബംഗളൂരുവിന് സമീപമായി നിലയുറപ്പിച്ചിരിക്കുന്നതായാണ് പറയുന്നത്. വേറെ ചില അന്തരീക്ഷ ചുഴികളും കേരളത്തിന്റെയും തമിഴ്‌നാടിന്റെയും മുകളിൽ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം സൃഷ്ടിക്കുന്ന മഴകൾ ദക്ഷിണേന്ത്യയിൽ മുഴുവനുണ്ടാകും. എന്തായാലും 72 മണിക്കൂർ കേരളത്തിൽ മഴയ്ക്കുള്ള സാദ്ധ്യത ഉറപ്പിച്ച മട്ടിലാണ് ഗവേഷകരുടെ നിഗമനം. ആകാശം കാർമേഘങ്ങളാൽ നിറയും. ചൊവ്വാഴ്ചയോടു കൂടി തെക്കു കിഴക്കൻ അറബിക്കടലിൽ ശക്തി കുറഞ്ഞ ന്യൂനമർദ്ദമേഖലയും രൂപപ്പെടാനുള്ള സാദ്ധ്യത ഉണ്ടെങ്കിലും അത് കേരളത്തിന് ഭീഷണി ആകില്ലെന്നാണ് നിഗമനം.
2018ന് ശേഷം മേഘവിസ്‌ഫോടനം പോലുളള പ്രതിഭാസം ആവർത്തിച്ചതുപോലെ ഇത്തരം ചുഴലിക്കാറ്റുകളും അകാലത്തിൽ കേരളത്തിലുണ്ടാകുന്നുണ്ട്. തുലാവർഷത്തിൽ മാത്രമുണ്ടായിരുന്ന മേഘവിസ്‌ഫോടനം മാർച്ചിനും ഡിസംബറിനും എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്ന അവസ്ഥയിലാണ്. എന്നാൽ ചുഴലിക്കാറ്റിന്റെ പ്രത്യാഘാതം കൊണ്ട് മേഘവിസ്‌ഫോടനങ്ങൾ സംഭവിക്കില്ലെന്നാണ് കരുതുന്നത്.
ശക്തികുറഞ്ഞും കൂടിയും...
ചുഴലിക്കാറ്റ് കൊണ്ടുണ്ടാകുന്ന മഴ ശക്തികുറഞ്ഞും കൂടിയും രാത്രിയും പകലും പെയ്യും. ചുഴലിക്കാറ്റ് ദുർബലമാകുമ്പോൾ മഴ കുറയും. ഡിസംബർ തുലാവർഷക്കാലമാണ്. വൃശ്ചികക്കാറ്റ് വീശുന്ന കാലമാണിത്. ആ സമയത്താണ് അപ്രതീക്ഷിതമായ മഴ ശക്തമാകുന്നത്.
പ്രത്യാഘാതങ്ങൾ:
മഴയിൽ ഫലവൃക്ഷങ്ങളിൽ പൂക്കൾ കൊഴിയും, നെല്ലിലെ കീടാക്രമണവും കതിർ കൊഴിയുന്നതിനും ഇടയാക്കും
വിനോദസഞ്ചാരമേഖലയിൽ ഉണർവുണ്ടായിരിക്കെ മലയോരമേഖലയിലെ ഗതാഗതതടസം ഉണ്ടായേക്കും
ഉത്സവങ്ങളും ആഘോഷങ്ങളും ലോത്സവങ്ങളുമെല്ലാം നടക്കുന്നതിനാൽ മഴ പ്രതിസന്ധിയാകും
അടുത്തകാലത്തായി ചുഴലിക്കാറ്റുകൾ അപ്രതീക്ഷിതമായി ഉണ്ടാകുന്നുണ്ട്. പല ചുഴലിക്കാറ്റുകളും പ്രവചനങ്ങൾക്കപ്പുറത്താണ് സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ ചുഴലിക്കാറ്റുകൾ ഇനിയും ഉണ്ടാകില്ലെന്ന് പറയാനാവില്ല.
- ഡോ. ഗോപകുമാർ ചോലയിൽ, കാലാവസ്ഥാ ഗവേഷകൻ
ചാലക്കുടിയിൽ കനത്തു
മഴ പൊതുവേ ശക്തമാകാറുളള ചാലക്കുടിയിലാണ് ഇന്നലെ മഴ കനത്തത്, 50.6 മി.മി. എന്നാൽ വടക്കാഞ്ചേരിയിൽ മഴ കുറഞ്ഞു, 17 മി.മി.
മറ്റിടങ്ങളിലെ മഴക്കണക്ക്:
കൊടുങ്ങല്ലൂർ: 45.0
കുന്നംകുളം 41.4
ഇരിങ്ങാലക്കുട 36.8
ഏനാമാക്കൽ 48.2
വെളളാനിക്കര 19.8