ചേർപ്പ് പാലക്കലിൽ ക്രിസ്മസ് പുൽക്കുടുകൾ നിർമ്മിക്കുന്ന സംഘം.
ചേർപ്പ്: ക്രിസ്മസിന് ദിവസങ്ങൾ ശേഷിക്കെ തൃശൂർ - തൃപ്രയാർ സംസ്ഥാന പാതയിൽ പാലക്കലിൽ ക്രിസ്മസ് പുൽക്കൂടുകൾ സജീവമാകുന്നു. തമിഴ്നാട്ടിൽ നിന്നെത്തുന്ന സംഘങ്ങളാണ് വഴിയോരങ്ങളിൽ പുൽക്കൂടുകൾ നിർമ്മിച്ച് വിൽക്കുന്നത്.
മുള കഷ്ണങ്ങൾ ചെത്തിമിനുക്കി മുള്ളാണി, ചിറ്റുകമ്പി എന്നിവ ഉപയോഗിച്ചാണ് വിവിധ ആകൃതികളിൽ പുൽക്കൂടുകൾ നിർമ്മിക്കുന്നത്. കൂടാതെ നക്ഷത്രങ്ങളുമുണ്ട്. ഒരെണ്ണത്തിന് 120 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 18 വർഷത്തോളമായി പാലക്കലിൽ ഇത്തരത്തിൽ പുൽക്കൂടുകൾ നിർമ്മിച്ച് നൽകുന്നതായി സംഘത്തിലെ രാജു, തങ്കവേൽ എന്നിവർ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തോളമായി പ്രദേശത്ത് താമസമുറപ്പിച്ച സംഘം ക്രിസ്മസ് കച്ചവടം കഴിഞ്ഞേ നാട്ടിലേക്ക് മടങ്ങൂ. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴ നിർമ്മാണ പ്രവൃത്തികളെ ബാധിച്ചതായും തമിഴ് സംഘം പറഞ്ഞു.