1

തൃശൂർ: വനിതാ ശിശു വികസന വകുപ്പിന്റെ ഓറഞ്ച് ദ വേൾഡ് കാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ രാത്രിനടത്തം സംഘടിപ്പിച്ചു. കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കർമാർ, അംഗൻവാടി പ്രവർത്തകർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ വിവിധ ഇടങ്ങളിൽ നടത്തത്തിന്റെ ഭാഗമായി. ഒല്ലൂക്കര, വിൽവട്ടം, ഒല്ലൂർ സോണൽ പ്രദേശങ്ങളിൽ നിന്ന് നടന്ന് തുടങ്ങി പള്ളിമൂല, മണ്ണുത്തി സെന്റർ, ഒല്ലൂർ വൈലോപ്പിള്ളി സ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ എത്തിച്ചേർന്നു. കോർപറേഷന്റെ വിവിധ ഭാഗങ്ങളിലും രാത്രിനടത്തം സംഘടിപ്പിച്ചു. കോർപറേഷൻ കൗൺസിലർമാരായ മേഴ്‌സി അജി, ശ്യാമള മുരളീധരൻ, ഷീബ ജോയ്, സി.ഡി.പി.ഒ ശ്രീവിദ്യ മാരാർ തുടങ്ങിയവർ രാത്രി നടത്തത്തിന്റെ ഭാഗമായി. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശുവികസന വകുപ്പ് നേതൃത്വം നൽകുന്നതാണ് ഓറഞ്ച് ദ വേൾഡ് കാമ്പയിൻ. ഐക്യരാഷ്ട്രസഭയുടെ 'ഓറഞ്ച് ദ വേൾഡ്' തീം അടിസ്ഥാനമാക്കിയാണ് വനിതാ ശിശുവികസന വകുപ്പ് പരിപാടികൾ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 16 ദിവസം നീളുന്ന കാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികൾ ജില്ലയിൽ സംഘടിപ്പിച്ചിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന അന്താരാഷ്ട്ര ദിനമായ നവംബർ 25ന് ആരംഭിച്ച് മനുഷ്യാവകാശദിനം വരെ നീണ്ടു നിൽക്കുന്നതായിരുന്നു ക്യാമ്പയിൻ.