തൃശൂർ: വാടാനപ്പിള്ളിയിൽ കർഷകസമരം പ്രമേയമായ അരമണിക്കൂർ തെരുവുനാടകം. തിരശീല വീണപ്പോൾ കാണികളുടെ മനസിൽ തങ്ങിയത് വീറോടെ അഭിനയിച്ച ആ സ്ത്രീകഥാപാത്രം. നാട്ടുകാർക്കെല്ലാം പരിചിതമായ മുഖം, വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി !. സംസ്ഥാന സർക്കാരിന്റെ നാടക അവാർഡ് ലഭിച്ച നടി.
തിരക്കിലും നാടകപ്രവർത്തനത്തിന് സമയം കണ്ടെത്തുന്ന ശാന്തിയെ മുന്നോട്ടുനയിക്കുന്നത് നാല് പതിറ്റാണ്ടിന്റെ പ്രൊഫഷണൽ നാടകാഭിനയമാണ്. ഒമ്പതാം ക്‌ളാസിലായിരിക്കെ കഴിമ്പ്രം വിജയന്റെ 'അമ്പറ'യിലെ 'മല്ലി'യായാണ് അരങ്ങിലെത്തിയത്. നിരവധി അവാർഡുകൾ കിട്ടിയ അമ്പറയിലെ മല്ലിക്കായിരുന്നു സംസ്ഥാന പുരസ്കാരം.
13 മുതൽ തൃശൂരിൽ നടക്കുന്ന കിസാൻസഭ ദേശീയ സമ്മേളനത്തോട് അനുബന്ധിച്ചാണ് 'ഹരിതാഗ്‌നി' എന്ന നാടകം അരങ്ങേറിയത്. ശാന്തി ഭാസിയും തൃശൂർ രംഗചേതനയിലെ ടി.ആർ. ശശികലയും ചേർന്നാണ് രചന, സംവിധാനം എന്നിവ നിർവഹിച്ചത്. കെ.പി.എ.സി, കാഞ്ഞിരപ്പള്ളി അമല, ചങ്ങനാശേരി പ്രതിഭ, അണിയറ, പെരുമ്പാവൂർ നാടകശാല, വടകര സഭ, ഗുരുവായൂർ ഉഷഭാരതി തുടങ്ങിയവയുടെ നാടകങ്ങളിൽ ശാന്തി അഭിനയിച്ചിട്ടുണ്ട്.
മണിയപ്പൻ ആറന്മുളയുടെ കളിയച്ഛൻ, അഡ്വ. മണിലാലിന്റെ മലമുകളിലെ കഴുകൻ, ജയൻ തിരുമന രചനയും ദേവരാജൻ സംവിധാനവും നിർവഹിച്ച മോഹിനിയാട്ടം തുടങ്ങിയവ ഇഷ്ട നാടകങ്ങളാണ്. കളിയച്ഛനിലെ കുറിയേടത്ത് താത്രിക്കുട്ടിയെ അവതരിപ്പിച്ചത് മറക്കാനാവില്ല. തൃശൂർ യൂണിറ്റി ഇന്റർനാഷണൽ എന്ന പേരിൽ സ്വന്തം ട്രൂപ്പിലൂടെ ഒ.എൻ.വി കുറുപ്പിന്റെ അമ്മയെന്ന കവിത നാടകമാക്കി.
തുടക്കത്തിൽ കൗതുകം പിന്നെ, ജീവിതം
കൗതുകത്തിനാണ് നാടകാഭിനയം തുടങ്ങിയത്. ചെത്തുതൊഴിലാളിയായ അച്ഛൻ പ്രഭാകരൻ, വിപ്‌ളവഗാനം പാടുമായിരുന്ന അമ്മ വിലാസിനി എന്നിവരും ഏഴ് മക്കളുമുള്ള കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ നാടകാഭിനയം ഉപജീവനമാക്കി. പത്താം ക്‌ളാസിൽ പഠനം ഉപേക്ഷിച്ചു. കഠിനാദ്ധ്വാനം ചെയ്‌തെങ്കിലും ജീവിതം പച്ചപിടിച്ചില്ല. ഒറ്റമുറി വാടകവീട്ടിലായിരുന്നു താമസം. ലൈഫ് പദ്ധതിപ്രകാരം വീട് വയ്ക്കാനുള്ള ശ്രമത്തിലാണ്. ഡ്രൈവറായ ഭർത്താവ് ഭാസി രോഗബാധിതനാണ്. മകൾ വിനിത വിവാഹിത. ഭിന്നശേഷിക്കാരനായ മകൻ ബിഷാൽ നന്നായി പാടും.
പഞ്ചായത്ത് മെമ്പറായപ്പോഴും അഭിനയിച്ചിരുന്നു. പ്രസിഡന്റായപ്പോൾ തിരക്കായെങ്കിലും സർക്കാരിന്റെ സന്ദേശ പ്രചാരണത്തിനുള്ള തെരുവുനാടകങ്ങളിൽ അഭിനയിക്കുന്നുണ്ട്. അവതരിപ്പിക്കാൻ ആഗ്രഹമുള്ള നിരവധി കഥാപാത്രങ്ങൾ ഇനിയുമുണ്ട്.
ശാന്തി ഭാസി.