ചാലക്കുടി: അഖിലേന്ത്യ കിസാൻസഭ ദേശീയ സമ്മേളന നഗറിലേയ്ക്കുള്ള പതാകജാഥയ്ക്ക് തിങ്കളാഴ്ച ചാലക്കുടിയിൽ ഉജ്ജ്വല വരേവേൽപ്പ് നൽകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ അതിർത്തിയായ പൊങ്ങത്ത് രാവിലെ 9ന് എത്തുന്ന ജാഥയെ സംഘാടക സമിതി ഭാരവാഹികൾ സ്വീകരിക്കും. തുടർന്ന് 980 കായിക താരങ്ങളുടെ അകമ്പടിയോടെ തൃശൂരിലേക്ക് പ്രയാണം ആരംഭിക്കും. 35 ബുള്ളറ്റ് ബൈക്കുകളടക്കം നിരവധി വാഹനങ്ങളുമുണ്ടാകും. 9 ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിലാണ് സ്വീകരണ ചടങ്ങുകൾ. സംഘടനയ്ക്ക് കേരളത്തിൽ 55 ലക്ഷം അംഗങ്ങളുണ്ട്. വടക്കെ ഇന്ത്യ കേന്ദ്രീകരിച്ച് നടന്ന കർഷക സമരം ഒത്തുതീർപ്പാക്കാൻ വച്ച ഉപാധികൾ കേന്ദ്ര സർക്കാർ ഇതുവരെയും നടപ്പാക്കിയില്ലെന്നും ഇതുസംബന്ധിച്ച തുടർ പ്രക്ഷോഭ പരിപാടികളും സമ്മേളനം ചർച്ച ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, എ.ഐ.കെ.എസ് ജില്ലാ ട്രഷറർ ടി.എ. രാമകൃഷ്ണൻ, ഏരിയ പ്രസിഡന്റ് അഡ്വ. കെ.എ. ജോജി, സെക്രട്ടറി ടി.പി. ജോണി, മുൻ എം.എൽ.എ ബി.ഡി. ദേവസി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.