ആവേശമുയർത്തി ഉയരം കുറഞ്ഞ കളിക്കാരുടെ ഫുട്‌ബാൾ മത്സരം
കയ്പമംഗലം: മെസിയും നെയ്മറും ഏറ്റുമുട്ടുന്ന ഫുട്‌ബാൾ കാഴ്ചയ്ക്ക് ഈ ലോകകപ്പ് വേദിയായില്ലെങ്കിലും പെരിഞ്ഞനത്ത് നടന്ന അർജന്റീന - ബ്രസീൽ സൗഹൃദ മത്സരം ടീമംഗങ്ങളുടെ പ്രത്യേകതകൾ കൊണ്ട് ശ്രദ്ധേയമായി. പെരിഞ്ഞനം ചേതന ടർഫിലാണ് ഇന്ത്യയിലെ ഉയരം കുറഞ്ഞ കളിക്കാരുടെ ആദ്യ ടീമായ ലിറ്റിൽ പീപ്പിൾ സ്‌പോർട്‌സ് ക്ലബ് അർജന്റീന - ബ്രസീൽ ജേഴ്‌സിയണിഞ്ഞ് കളം നിറഞ്ഞ്. ചേതന സ്‌പോർട്‌സ് ക്ലബ് സംഘടിപ്പിച്ച മത്സരം കാണാനായി കനത്ത മഴയെ അവഗണിച്ചും നിരവധിപേരെത്തി. ഒരു മണിക്കൂറോളം നീണ്ട വാശിയേറിയ മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾ നേടി അർജന്റീന ടീം ബ്രസീലിനെ തോൽപ്പിച്ചു.
കായിക താത്പര്യമുണ്ടായിട്ടും ഉയരമില്ലാത്തതിനാൽ അവഗണിക്കപ്പെടുന്നവരെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ലിറ്റിൽ പീപ്പിൾ സ്‌പോർട്‌സ് ക്ലബിന് രൂപം നൽകിയതെന്ന് ടീമിന്റെ പരിശീലകനായ തലശ്ശേരി സ്വദേശി കെ. കെ. റാഷിദ് പറഞ്ഞു.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 22 പേരാണ് ക്ലബിൽ അംഗങ്ങളായുള്ളത്. 2013ൽ അമേരിക്കയിൽ നടന്ന ഡാർഫ് ഒളിമ്പിക്‌സിൽ പങ്കെടുത്ത ആകാശ് എസ്. മാധവൻ, സി.എസ്. ബൈജു, സിനിമ - ടെലിവിഷൻ താരം സൂരജ് തേലക്കാട്, പാര ഒളിമ്പിക്‌സ് ദേശീയ താരങ്ങളായ സനൽ, പ്രദീപ് കുമാർ, ഷഫീക്ക് എന്നിവരും ടീമിലുണ്ട്. പെരിഞ്ഞനം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. കെ. സച്ചിത്ത് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.