മച്ചാട് തിരുവാണിക്കാവ് ഭഗവതിക്ക് മുന്നിൽ ഗുരുവായൂർ കൃഷ്ണൻ ദേവി സ്തുതി പാടുന്നു.
വടക്കാഞ്ചേരി: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഭക്തർക്കായി ഭക്തിഭോജനം തയ്യാറാക്കുന്നതിനിടയിൽ കറിക്ക് കഷ്ണം മുറിക്കുന്നതിനിടെ വഴി കാട്ടുക, വഴി കാട്ടുക, നാരായണ രൂപം എന്ന ഗാനം ചൊല്ലി മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലായ ഗുരുവായൂർ കൃഷ്ണസ്വാമി മച്ചാട് ഭഗവതിയെക്കുറിച്ച് പാടിയ ദേവി സ്തുതികൾ ഏറെ ശ്രദ്ധേയമായി. മച്ചാട് വാഴുന്ന അംബികയെ എന്നു തുടങ്ങുന്ന ദേവി സ്തുതിയാണ് അദ്ദേഹം ഭഗവതിക്കു മുന്നിൽ നിന്ന് പാടിയത്. മച്ചാട് മാമാങ്കത്തിന്റെ വിളംബരപത്രിക പ്രകാശന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു കൃഷ്ണ സ്വാമി. ക്ഷേത്ര നടയിൽ നിന്നും അദ്ദേഹം ഏറെ നേരം പാടി. ഒടുവിൽ കണ്ണുകൾ നിറഞ്ഞു. കണ്ട് നിന്നിരുന്ന ഭക്തർക്കും അത് വേറിട്ടൊരനുഭവമായി. താൻ ഒന്നുമല്ലാത്ത സീറോ ആണെന്നും ഭഗവാൻ ശ്രീകൃഷ്ണൻ സീറോയുടെ മുന്നിൽ ഒന്ന് ചേർത്തതാണ് ഗായകനാകാൻ കഴിഞ്ഞതെന്നും കൃഷ്ണസ്വാമി പറഞ്ഞു. മച്ചാട് മാമാങ്കം തെക്കുംകര വിഭാഗം അദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.