പാവറട്ടി: എളവള്ളി പഞ്ചായത്തിലെ കിളിയൻ തോടിന്റെ പുനർനിർമ്മാണം ആരംഭിച്ചു. സി.പി. നായർ റോഡ് പരിസരത്തു നിന്നും ആരംഭിച്ച് ഇന്ദ്രാഞ്ചിറ വഴി കൊച്ചിൻ ഫ്രോണ്ടിയോർ തോടിലേക്ക് എത്തിച്ചേരുന്ന കിളിയൻ തോടിന് 1.5 കി.മി നീളമാണുള്ളത്. 11, 15, 16 എന്നീ വാർഡുകളിലെ മഴവെള്ളം ഒഴുകിപ്പോകാൻ ഏക ആശ്രയമാണ് കിളിയൻ തോട്. നാല് അടി വീതിയുള്ള തോട് പലയിടങ്ങളിലും കൈയേറ്റങ്ങൾ സംഭവിച്ച് നിലവിൽ വീതി കുറവാണ്. നീരൊഴുക്ക് തടസപ്പെടുന്നതിൽ പ്രദേശത്ത് പലയിടത്തും വെള്ളക്കെട്ടിന് കാരണമാവാറുണ്ട്. എളവള്ളി പഞ്ചായത്ത് നഗര സഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി 36 ലക്ഷം രൂപയുടെ നിർമ്മാണ പ്രവൃത്തികളാണ് ഈ വർഷം നടത്തുന്നത്. നാല് അടി വീതിയിൽ തോട് പുന:സ്ഥാപിക്കും. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തോടുകൂടി ഒരു കോടി രൂപ കൂടി ചെലവ് ചെയ്ത് രണ്ടാംഘട്ടം തോട് നിർമ്മാണത്തിന് പദ്ധതി തയ്യാറാക്കാൻ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.

കിളിയൻതോട് പദ്ധതി പൂർത്തിയാകുന്നതോടെ കാക്കശ്ശേരി പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും.
-ജിയോഫോക്‌സ്
(എളവള്ളി പഞ്ചായത്ത് പ്രസിഡന്റ്)