ചാലക്കുടി: പുഴമ്പാലത്തിലെ റെയിൽപാളത്തിൽ തകരാറിലായ ഗർഡറുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ നടന്നു. ചാലക്കുടിപ്പുഴയുടെ പാലത്തിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ തിങ്കളാഴ്ച രാവിലെ വരെ നീണ്ടുനിൽക്കും. ഇതുമൂലം തെക്കോട്ടുള്ള ട്രെയിനുകൾ പലതും ഞായറാഴ്ച റദ്ദാക്കി. ഒന്നാം ട്രാക്കിൽ വേഗത കുറച്ചും ഓടി. കാലപ്പഴക്കത്തെ തുടർന്ന് ജീർണിച്ച കിഴക്കുഭാഗത്തെ രണ്ടാം നമ്പർ പാളത്തിൽ മൂന്ന് ഗർഡറുകൾ മാറ്റുന്നുണ്ട്. മുമ്പ് പടിഞ്ഞാറെ ഭാഗത്തെ മൂന്നെണ്ണവും മാറ്റി സ്ഥാപിച്ചു. വലിയ ക്രെയിനുകൾ ഉപയോഗിച്ചായിരുന്നു ഗർഡറുകളുടെ മാറ്റലും പുനഃസ്ഥാപനവും. നൂറോളം തൊഴിലാളികൾ ദൗത്യത്തിലുണ്ടായി. ഉന്നത ഉദ്യോഗസ്ഥരും എത്തിയിരുന്നു. രാത്രിയിലാണ് പ്രവൃത്തികൾ ആരംഭിച്ചത്.