1

തൃശൂർ: റെയിൽവേയിൽ ചാലക്കുടിക്കും കറുകുറ്റിക്കും ഇടയിൽ ഗർഡർ മാറ്റുന്നതിന്റെ ഭാഗമായി ട്രെയിനുകൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. മുൻകൂട്ടി അറിയിപ്പ് നൽകിയിരുന്നെങ്കിലും പലരും അറിയാതെ യാത്രയ്ക്കെത്തിയതോടെ തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ വൻതിരക്ക് അനുഭവപ്പെട്ടു. ശബരിമല സീസൺ ആയതോടെ നൂറുകണക്കിന് അയ്യപ്പഭക്തൻമാർ അടക്കം ദുരിതത്തിലായി.

ശബരിമലയിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ട ദിവസങ്ങളായിരുന്നു ഇത്. മേഖലയിലുടെ ഒറ്റവരി സർവീസ് മാത്രമാണ് ഉണ്ടായിരുന്നത്. അതിനാൽ ഭൂരിഭാഗം ട്രെയിനുകളും പലയിടത്തും പിടിച്ചിട്ട ശേഷമാണ് യാത്ര തുടരാനായത്.

അവധി ദിനമായതിനാലാണ് അറ്റകുറ്റപ്പണി നടത്താൻ തിരിഞ്ഞെടുത്തതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ഇന്ന് ജോലിക്ക് എത്തേണ്ടവരും മറ്റും ഇന്നലെ വൈകീട്ട് തന്നെ പോകാറുണ്ട്. ഇന്നലെ രാത്രി പത്ത് വരെയാണ് നിയന്ത്രണം പറഞ്ഞിരുന്നെങ്കിലും പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. അതിനാൽ ഇന്നും ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.

ഇന്നും ട്രെയിനുകൾ റദ്ദാക്കി

പാലം അറ്റകുറ്റപ്പണി മൂലം ഇന്നത്തെ നാഗർകോവിൽ - മംഗലാപുരം ഏറനാട് എക്‌സ്പ്രസ് റദ്ദാക്കി. ഇന്നത്തെ ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസ്സും റദ്ദാക്കിയതിൽ പെടും.


ഇന്നലെ പൂർണമായി റദ്ദാക്കിയത്

ഏറനാട് എക്‌സ്പ്രസ്, ഗുരുവായൂർ - എറണാകുളം, മെമു പാലക്കാട് - എറണാകുളം, എറണാകുളം - കായംകുളം എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ് (പുനലൂരിൽ നിന്ന് പാലക്കാട്ടേക്കും തിരികെയും), ശബരി സെപ്ഷ്യൽ ട്രെയിൻ.

ഇന്നലെ ഭാഗികമായി റദ്ദാക്കിയത്
ആലപ്പുഴ - കണ്ണൂർ എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ്, ലോകമാന്യതിലക്‌ കൊച്ചുവേളി സൂപ്പർ ഫാസ്റ്റ്, വേണാട് എക്‌സ്പ്രസ്, ജനശതാബ്ദി എക്‌സ്പ്രസ്, കണ്ണൂർ - എറണാകുളം ഇന്റർസിറ്റി.

കെ.എസ്.ആർ.ടി.സിയിൽ തിരക്ക്

ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകളിൽ തിരക്ക് അനുഭവപ്പെട്ടു. അയ്യപ്പഭക്തർ അടക്കമുള്ളവർക്ക് കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിക്കേണ്ടി വന്നു.