ഗുരുവായൂർ: ഒരാഴ്ച മുമ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത കെ.എസ്.ആർ.ടി.സിയുടെ പെട്രോൾ പമ്പ് ഇന്ധന ടാങ്കിൽ വെള്ളം കയറിയതിനെ തുടർന്ന് അടച്ചുപൂട്ടി. കെ.എസ്.ആർ.ടി.സിയുടെ വികസന പദ്ധതികളുടെ ഭാഗമായി ഗുരുവായൂർ പടിഞ്ഞാറെ നടയിലെ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയോട് ചേർന്ന് യാത്ര ഫ്യൂവൽ എന്ന പേരിൽ ആരംഭിച്ച പെട്രോൾ പമ്പ് ഈ മാസം മൂന്നിനാണ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തത്. ഇന്നലെ ഇവിടെ നിന്നും പെട്രോൾ നിറച്ച നിരവധി വാഹനങ്ങൾക്ക് തകരാർ സംഭവിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്ധന ടാങ്കിൽ വെള്ളം കയറിയതായി കണ്ടെത്തിയത്. ടാങ്കിന്റെ നിർമ്മാണത്തിലെ തകരാറാകാം ടാങ്കിൽ വെള്ളം കയറാൻ കാരണമായതെന്നാണ് സംശയിക്കുന്നതെന്നും ഇന്ത്യൻ ഓയിൽ കോർപറേഷൻ അധികൃതരെ അറിയിച്ചിട്ടുള്ളതായും കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. പെട്രോൾ പമ്പിന്റെ നടത്തിപ്പ് ചുമതല പൂർണമായും കെ.എസ്.ആർ.ടി.സിക്കാണ്. എന്നാൽ പമ്പ് നിർമ്മിച്ചത് ഇന്ത്യൻ ഓയിൽ കോർപറേഷനാണ്. ശനിയാഴ്ച വൈകുന്നേരം മുതൽ ഗുരുവായൂരിൽ ശക്തമായ മഴയാണ്. ഇതേ തുടർന്നാണ് ടാങ്കിൽ വെള്ളം കയറിയിട്ടുള്ളത്. ഇന്നലെ രാവിലെ 9 മണിയോടെ ക്ഷേത്ര ദർശനത്തിനെത്തിയ കോഴിക്കോട് സ്വദേശി കാറിൽ പെട്രോൾ അടിച്ച ശേഷം പമ്പിൽ നിന്നും പുറത്തേയ്ക്ക് കടക്കുമ്പോൾ കാർ ഓഫാകുകയായിരുന്നു. തുടർന്ന് മെക്കാനിക്കിനെ വരുത്തി നടത്തിയ പരിശോധനയിലാണ് വെള്ളം കയറിയതായി കണ്ടെത്തിയത്. ഇവർ ഗുരുവായൂർ ടെമ്പിൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പമ്പിലെ പെട്രോൾ സൂക്ഷിച്ചിട്ടുള്ള ടാങ്കിൽ മാത്രമാണ് വെള്ളം കയറിയിട്ടുള്ളത്. ഈ ടാങ്ക് വൃത്തിയാക്കുന്ന പ്രവൃത്തി ഇന്നലെ തന്നെ ആരംഭിച്ചിട്ടുണ്ട്.