1

തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണറുടെ കാലാവധി അവസാനിക്കാനിരിക്കെ, ആ ഒഴിവിലേക്ക് മാനദണ്ഡം മറികടന്ന് നിയമനത്തിന് നീക്കമെന്ന് ആക്ഷേപം. സർക്കാറിന്റെ ജോയിന്റ് സെക്രട്ടറി റാങ്കിന് സമാനമായ സെക്രട്ടേറിയേറ്റ് തസ്തികയിലെ ഉദ്യോഗസ്ഥരെയാണ് കമ്മിഷണറായി നിയമിക്കാറുള്ളത്. ഇതുപ്രകാരം മൂന്നു പേരുടെ പാനൽ തയ്യാറാക്കുകയും അത് ഹൈക്കോടതിക്ക് സമർപ്പിച്ച് അംഗീകാരം നേടുകയുമാണ് ചെയ്യാറുള്ളത്. എന്നാൽ ഇത് മറികടന്നാണ് പുതിയ നീക്കം. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും നിലവിലെ ബോർഡിന്റെ കാലാവധി അവസാനിക്കും മുമ്പ് തീരുമാനമെടുക്കാനാണ് നീക്കം. ഇതിനെതിരെ ദേവസ്വം ബോർഡിലെ ചിലർ രംഗത്തെത്തി. നിലവിലെ കമ്മിഷണർ എൻ.ജ്യോതിയുടെ കാലാവധി 20ന് തീരും.

നിലവിലെ സെക്രട്ടറി മേയിൽ വിരമിക്കും. ആ തസ്തികയിലേക്കും ഭരണ സമിതിക്ക് താത്പര്യമുള്ള ഒരാൾ സീനിയോറിറ്റി അനുസരിച്ച് വരാനുള്ള സാഹചര്യം ഒരുക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. നിലവിലെ ദേവസ്വം ബോർഡിൽ രണ്ട് അംഗങ്ങൾ മാത്രമാണുള്ളത്. സി.പി.ഐ അംഗത്തിന്റെ നിര്യാണത്തെ തുടർന്ന് ഒരംഗത്തിന്റെ ഒഴിവുണ്ട്. എന്നാൽ ബോർഡിന്റെ കാലാവധി തീരാനിരിക്കെ ആ ഒഴിവ് നികത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

നിലവിലുള്ളവരിൽ ഒരംഗത്തിന്റെ കാലാവധി 22നും പ്രസിഡന്റിന്റെ 28നും അവസാനിക്കും. നിലവിലെ പ്രസിഡന്റിനെ വീണ്ടും തുടരാൻ അനുവദിക്കില്ലെന്നാണ് അറിയുന്നത്. ഈ ഭരണസമിതി കാലയളവിൽ കേരളവർമ്മ കോളേജിലെ അദ്ധ്യാപക നിയമനം, ബോർഡ് അംഗത്തിന്റെ ആത്മഹത്യ, പള്ളുരുത്തി അഴകിയകാവ് ക്ഷേത്രത്തിലെ ഭൂമി ഇടപാട് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നിരുന്നു. അതേസമയം കൊവിഡിലും മികച്ച പ്രവർത്തനം നടത്താനായതും ഭരണസമിതി നേട്ടമായി സർക്കാരിന് മുന്നിലുണ്ട്.