തൃശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനം സംഘടിപ്പിക്കുന്ന ദക്ഷിണാമൂർത്തി സംഗീത നൃത്തോത്സവം ഈ മാസം 18ന് ആരംഭിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 2020ലെ നാദപുരസ്‌കാരം ബാംസുരി വിദഗ്ദ്ധൻ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയ്ക്കും 2021ലെ പുരസ്‌കാരം ഗായിക നഞ്ചിയമ്മയ്ക്കും 2022ലെ പുരസ്‌കാരം പാശ്ചാത്യ പൗരസ്ത്യ താളവിദഗ്ദ്ധൻ ശിവമണിക്കും സമ്മാനിക്കും.
ലക്ഷം രൂപയും ശില്പവും പൊന്നാടയും ഉൾപ്പെടുന്നതാണ് ഓരോ പുരസ്‌കാരവും. 50,000 രൂപയും ശില്പവും അടങ്ങുന്ന ദേവസ്ഥാനം നാട്യമയൂരി പുരസ്‌കാരം നർത്തകി മേതിൽ ദേവികയ്ക്ക് സമ്മാനിക്കും. ഭക്തിഗാനരംഗത്ത് ശ്രദ്ധേയനായ ടി.എസ് രാധാകൃഷ്ണനെ ആസ്ഥാന വിദ്വാൻ പദവി നൽകി ആദരിക്കും. 25ന് വൈകീട്ട് 6.30ന് ദേവസ്ഥാനം ഗരുഢസന്നിധിയിൽ നടക്കുന്ന സമ്മേളനത്തിൽ ദേവസ്ഥാനാധിപതി ഉണ്ണി ദാമോദരൻ പുരസ്‌കാരം സമ്മാനിക്കും. ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യും.
സുപ്രീം കോടതി ജഡ്ജി സി.ടി രവികുമാർ മുഖ്യാതിഥിയാകും. സംവിധായകൻ സത്യൻ അന്തിക്കാട് അനുസ്മരണ പ്രഭാഷണം നിർവഹിക്കും. പത്രസമ്മേളനത്തിൽ ടി.എസ് രാധാകൃഷ്ണൻ, അഡ്വ.കെ.വി പ്രവീൺ, കെ.ജി ഹരിദാസ്, പൂർണ്ണത്രയേശ ജയപ്രകാശ ശർമ്മ, കെ.ആർ മധു എന്നിവർ പങ്കെടുത്തു.