തൃശൂർ: കൊൽക്കത്തയിലെ ശ്രീശാരദാ മഠത്തിന്റെയും രാമകൃഷ്ണ ശാരദാമിഷന്റെയും അദ്ധ്യക്ഷ ഭക്തിപ്രാണാമാതാ (102) സമാധിയായി. ഞായറാഴ്ച രാത്രി 11.24ന് കൊൽക്കൊത്ത രാമകൃഷ്ണസേവാ പ്രതിഷ്ഠാനിലായിരുന്നു അന്ത്യം. 1920 ൽ ജനിച്ച ഭക്തിപ്രാണാമാതാ ശ്രീരാമകൃഷ്ണദേവന്റെ പ്രഥമസന്ന്യാസി ശിഷ്യരുമായി അടുപ്പം പുലർത്തിയിരുന്നു. ബംഗാൾ സ്വദേശിയായിരുന്നു. കല്യാണി ബാനർജി എന്നായിരുന്നു പൂർവ്വാശ്രമത്തിലെ പേര്. 1950ൽ മാതൃഭവനിലായിരുന്നു ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളുടെ ആരംഭം. ശ്രീരാമകൃഷ്ണ ദേവന്റെ ശിഷ്യനായിരുന്ന സ്വാമി വിജ്ഞാനാനന്ദയിൽ നിന്നും മന്ത്രദീക്ഷയും സ്വാമി ശങ്കരാനന്ദയിൽ നിന്ന് സന്ന്യാസദീക്ഷയും സ്വീകരിച്ചു. 1959 ജനുവരിയിൽ ശ്രീശാരദാമഠത്തിന്റെ എട്ട് ട്രസ്റ്റിമാരിൽ ഒരാളായി. 1960ൽ ഗവേണിംഗ് ബോഡി അംഗമായി. 1961ൽ ശ്രീരാമകൃഷ്ണമഠം ഭാരവാഹികൾ മാതൃഭവൻ, ശ്രീശാരദാമഠത്തിന് കൈമാറി. അന്ന് മുതൽ 2009ൽ പ്രസിഡന്റാകുന്നത് വരെ മാതൃഭവന്റെ സെക്രട്ടറിയായി ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു. 1998 വൈസ് പ്രസിഡന്റായും 2009 ൽ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. സമാധിയാകുന്നത് വരെ ആ സ്ഥാനത്ത് തുടർന്നു. കൊൽക്കത്ത ശാരദാമഠം ആശ്രമത്തിൽ സംസ്‌കാരം നടത്തി.