തൃശൂർ : കിലോഗ്രാമിന് 40 രൂപ നിരക്കിൽ പച്ചത്തേങ്ങയും 35 രൂപ നിരക്കിൽ നെല്ലും സംഭരിച്ച് കർഷകരെ രക്ഷിക്കണമെന്ന് കിസാൻ ജനത സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ക്ഷീരകർഷകർക്ക് കറവ മൃഗങ്ങൾക്കാവശ്യമായ തീറ്റ സബ്‌സിഡി നിരക്കിൽ നൽകണമെന്നും വന്യജീവി ആക്രമണത്തിനിരയാകുന്ന വിളകൾക്കും കർഷകർക്കും സർക്കാർ നേതൃത്വത്തിൽ സൗജന്യ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് 21ന് രാവിലെ 10ന് സെക്രട്ടറിയേറ്റിന് മുമ്പിൽ ധർണ നടത്താൻ യോഗം തീരുമാനിച്ചു. എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ഉദ്ഘാടനം ചെയ്തു. കിസാൻ ജനത സംസ്ഥാന പ്രസിഡന്റ് പ്രൊഫ.വി.മാധവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. റഹീം വീട്ടിപ്പറമ്പിൽ, ജോർജ് മാത്യു, പി.കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, പ്രേമൻ കല്ല്യാട്ട്, റോയ് ബി.തെച്ചേരി, ടി.കൃഷ്ണൻ മാസ്റ്റർ, മമ്മുക്കുഞ്ഞ് പ്രസംഗിച്ചു.