ചാലക്കുടി: കാലംതെറ്റി തിമിർത്തു പെയ്ത മഴ അന്നനാട് ചാത്തൻചാൽ പാടശേഖരത്തിലെ മുന്നൂറേക്കർ നെൽക്കൃഷിയെ വെള്ളത്തിലാക്കി. ഇരുപതോളം തോടുകളിൽ നിന്നുമെത്തുന്ന വെള്ളം ഇവിടുത്തെ പെരുന്തോട്ടിൽ കെട്ടിക്കിടക്കുന്നതാണ് നൂറുകണക്കിന് കർഷകർക്ക് വിനയായത്. വർഷങ്ങളായി തോട്ടിലെ ശുചീകരണം നടക്കാത്തതിനാൽ പുഴയിലേയ്ക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കൃത്യമായി നടക്കുന്നില്ല. വെസ്റ്റ് ചാത്തൻചാൽ പ്രദേശത്ത് 250 ഏക്കറിലും ഈസ്റ്റ് ചാത്തൻചാലിൽ 75 ഏക്കറിലുമാണ് വെള്ളക്കെട്ട്. മഴ പൂർണമായി നിലച്ചാലും മൂന്നുദിവത്തോളം വെള്ളക്കെട്ട് തുടരുന്നതാണ് ഇവിടങ്ങളിലെ അനുഭവം. കിഴക്കൻ മേഖലയിൽ പത്തുമുതൽ നാൽപ്പതു ദിവസം പ്രായമായ നെൽച്ചെടികളാണ് വെള്ളത്തിനടിയിൽ. ഇവിടെ അമ്പതോളം കർഷകർ ഇക്കുറി ഒരുമാസം മുമ്പ് ഞാറ് നട്ടിരുന്നു. എം.ആർ. ഡേവിസ്, വി.എൽ. സണ്ണി, എം.കെ. ആന്റു, എം.വി. റാപ്പായി, സുനിൽകുമാർ തട്ടായം, ദേവസിക്കുട്ടി മേലേടത്ത് തുടങ്ങി നിരവധി കർഷകർ ഇനിയെന്ത് ചെയ്യുമെന്ന സന്ദേഹത്തിലാണ്. കൃഷി വകുപ്പിൽ നിന്നും അടിയന്തര സഹായം വേണമെന്ന് കർഷകർ ഒന്നടങ്കം ആവശ്യപ്പെടുന്നു. കെ.എൽ.ഡി.സി വഴി കൃഷിവകുപ്പ് കോടികൾ ചെലവ് വരുന്ന ചാത്തൻചാൽ നവീകരണ പദ്ധതിക്ക് ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ കരാറുകാരന്റെ അനാസ്ഥയിൽ ഇതു ഇപ്പോഴും ചളിക്കുഴിയിലാണ്.

വെള്ളക്കെട്ടിനാൽ നെൽക്കൃഷി നശിക്കുന്നത് തുടർക്കഥയാണ്. കർഷകർ കൃഷി ഉപേക്ഷിക്കുന്ന അവസ്ഥ സംജാതമായി.മഴ തുടർന്നാൽ നട്ടതെല്ലാം ചീഞ്ഞുപോകും.
-എം.ആർ. ഡേവിസ്.
(പ്രസിഡന്റ്, വെസ്റ്റ് ചാത്തൻചാൽ പാടശേഖര സമിതി)

ചാത്തൻചാൽ പദ്ധതി യാഥാർത്ഥ്യമാക്കാൻ അടിയന്തര ശ്രമങ്ങൾ വേണം.പദ്ധതി പ്രാവർത്തികമായാൽ പാടശേഖരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനാകും.
-ഡേവിസ് ജിയോ
(ഈസ്റ്റ് ചാത്തൻചാൽ പാടശേഖര സമിതി സെക്രട്ടറി)