ഇരിങ്ങാലക്കുട: സ്റ്റേഡിയത്തിന് ഭൂമി ഏറ്റെടുത്തതിൽ 27 കോടി നഷ്ടപരിഹാരം നൽകാൻ വൈകിയതിനെത്തുടർന്ന് മുകുന്ദപുരം താലൂക്ക് ഓഫീസിലെ അഞ്ച് കമ്പ്യൂട്ടറുകൾ ജപ്തി ചെയ്തു. ഇരിങ്ങാലക്കുട സബ് കോടതി ഉത്തരവിനെത്തുടർന്നാണ് നടപടി.
ചാലക്കുടി മുനിസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂവുടമകൾക്ക് നഷ്ടപരിഹാരത്തുക നൽകാൻ വൈകിയതിനെ തുടർന്നാണ് കോടതി രണ്ട് കേസുകളിലായി മുകുന്ദപുരം താലൂക്ക് ഓഫീസ്, ആർ.ടി.ഒ, വാണിജ്യ നികുതി വകുപ്പ്, എക്‌സൈസ് ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവയിലെ വാഹനങ്ങളും താലൂക്ക്, ആർ.ടി.ഒ, സപ്ലൈ ഓഫീസുകളിലെ ജംഗമവസ്തുക്കൾ ജപ്തി ചെയ്യാൻ ഉത്തരവിട്ടത്.
എന്നാൽ താലൂക്ക് ഓഫീസിലെ അഞ്ച് കമ്പ്യൂട്ടറുകൾ മാത്രമാണ് തിങ്കളാഴ്ച ജപ്തി ചെയ്തത്. ലാപ്‌ടോപ്പുകളും സ്ഥിരം ഓഫീസ് സംവിധാനങ്ങളും വന്നതോടെ കമ്പ്യൂട്ടറുകളും മേശകളും മറ്റുള്ളവയെല്ലാം ഒഴിവാക്കിയതിനാൽ അവയൊന്നും ജപ്തി ചെയ്യാൻ സാധിച്ചില്ല. നേരത്തെ ഇവ ഹർജിക്കാരനായ വെള്ളാനിക്കാരൻ ഗില്ലി, ബന്ധുവായ സണ്ണി അടക്കം ആറുപേരിൽ നിന്നായി 3.7 ഏക്കർ സ്ഥലമാണ് 2010ൽ ചാലക്കുടി മുനിസിപ്പാലിറ്റിക്കുവേണ്ടി സർക്കാർ ഏറ്റെടുത്തത്.
ഏറ്റെടുത്ത സ്ഥലത്ത് സ്റ്റേഡിയം നിർമ്മാണം പൂർത്തിയായി കളിക്ക് വിട്ടുകൊടുത്തിട്ടും ഇതുവരെയും ഭൂമി നഷ്ടപ്പെട്ട സ്ഥലമുടമകൾക്കുള്ള നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇതേത്തുടർന്നാണ് കോടതി സർക്കാർ വകുപ്പുകളുടെ ജംഗമങ്ങൾ ജപ്തി ചെയ്യാൻ ഉത്തരവിട്ടത്.