ഗുരുവായൂർ: എൽ.ഡി.എഫ് ഭരിക്കുന്ന പേരകം സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലെ നാല് അംഗങ്ങൾ പ്രസിഡന്റിനെതിരെ രംഗത്ത്. സി.പി.ഐയുടേയും ജനതാദളിന്റേയും പ്രതിനിധികളാണ് സി.പി.എമ്മുകാരനായ പ്രസിഡന്റിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. ബാങ്കിൽ പ്രസിഡന്റിന്റെ തുക്ലക്ക് ഭരണവും സ്വജന പട്ടാഭിഷേകവുമാണ് നടക്കുന്നതെന്ന് ബാങ്ക് ഭരണസമിതിയിലെ സി.പി.ഐ, ജനതാദൾ പ്രതിനിധികൾ കുറ്റപ്പെടുത്തുന്നു. പ്യൂൺ, വാച്ച്മാൻ നിയമനങ്ങൾ സഹകരണ പരീക്ഷാബോർഡിന് വിടുന്നതിന് സർക്കാർ ആലോചിക്കുന്നതിനിടെ ഘടകകക്ഷികളോട് ആലോചിക്കാതെ ഇഷ്ടക്കാരെ നിയമിക്കാനാണ് ശ്രമം. വേണ്ടപ്പെട്ടവർക്ക് വായ്പ കൊടുക്കുകയും ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ളവർക്ക് അംഗത്വം നൽകുകയും ചെയ്യുന്നു. സി.പി.എമ്മിന്റെ പരിപാടികൾക്ക് ലക്ഷങ്ങളാണ് ബാങ്കിൽ നിന്നും സംഭാവനയായി നൽകിയിട്ടുള്ളത്. ബാങ്കിന്റെ ശതാബ്ദി വാർഷിക സമാപനത്തിൽ നിന്നും വിട്ടുനിൽക്കാനാണ് ഘടകകഷികളുടെ തീരുമാനം. ശതാബ്ദി ആഘോഷം തുടങ്ങിയപ്പോൾ തന്നെ ഭരണസമിതിയിൽ ഭിന്നത തുടങ്ങിയിരുന്നു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ പ്യൂൺമാരാണ് ബാങ്ക് ഭരിക്കുന്നതെന്ന ആക്ഷേപവുമായി അന്ന് സി.പി.ഐയും ജനതാദളും രംഗത്തെത്തിയിരുന്നു. ഇതേതുടർന്ന് ഭരണ സമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോക്കും നടത്തിയിരുന്നു. ബാങ്കിന്റെ ഭരണവുമായി ബന്ധപ്പെട്ട് സി.പി.എം ലോക്കൽ സമ്മേളനത്തിലും വിമർശനം ഉയർന്നിരുന്നു.