ഗുരുവായൂർ: നേരത്തെയുണ്ടായിരുന്ന കിണർ മൂടിയ സ്ഥാനത്ത് രണ്ട് ലക്ഷം രൂപയിലധികം ചെലവിട്ട് പുതിയ കിണർ നിർമ്മിക്കാനുള്ള നീക്കവുമായി നഗരസഭ. നഗരസഭയുടെ ബഹുനില പാർക്കിംഗ് സമുച്ചയ വളപ്പിലാണ് നഗരസഭ 2,11,413 രൂപ ചെലവിട്ട് പുതിയ കിണർ നിർമിക്കുന്നത്. പുതിയ കിണർ നിർമ്മിക്കാനുള്ള നീക്കത്തിനെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം എതിർത്തു. കിണർ നിർമ്മിക്കാനുള്ള ടെൻഡർ അംഗീകാരത്തിനായി കൗൺസിലിൽ എത്തിയപ്പോൾ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ എതിർത്തു. ഇവിടെ നേരത്തെയുണ്ടായിരുന്ന ജലസമൃദ്ധമായ കിണർ എതിർപ്പുകളെ അവഗണിച്ച് നഗരസഭ മൂടിയത് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണാധികാരികളുടെ ദീർഘ വീക്ഷണമില്ലായ്മയായ്മ മൂലം ജനം പാഴ്‌ചെലവുകൾ താങ്ങേണ്ടി വരികയാണെന്ന് ഉദയൻ പറഞ്ഞു. പ്രസാദ് പദ്ധതിയിൽ നിർമ്മിച്ച ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിന്റെ നിയമാവലി അംഗീകരിച്ചു. 25 വർഷത്തേക്ക് തുടർച്ചയായി നടത്തിപ്പ് കൈമാറുന്നതിനെ പ്രതിപക്ഷം എതിർത്തു. 11.52 ലക്ഷമാണ് സെന്ററിന് പ്രതിമാസ വാടക നിശ്ചയിച്ചിട്ടുള്ളത്. ഇന്നർ റിംഗ് റോഡിൽ ശബരിമല സീസൺ തിരക്കിനിടെ ടൈൽ വിരിക്കുന്നത് മൂലമുള്ള പ്രയാസങ്ങൾ അധികൃതർ കാണണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കൗൺസിൽ യോഗത്തിൽ ചെയർമാൻ എം. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു.