1

​​​ഒല്ലൂർ: ഡ്രൈവർ ശുചിമുറിയിൽ പോയ സമയത്ത് കോർപ്പറേഷൻ ജനറൽ ആശുപത്രിയിൽ നിന്നും 108 ആംബുലൻസുമായി കടന്ന പതിനഞ്ചുകാരൻ ഒല്ലൂരിൽ പിടിയിൽ. ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനഞ്ചുകാരനാണ് ആശുപത്രിയിൽ നിറുത്തിയിട്ടിരുന്ന 108 ആംബുലൻസ് ഓടിച്ചുപോയത്. തിങ്കളാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം.

ജനറൽ ആശുപത്രിയിലെ ജീവനക്കാരിയുടെ മകൻ കൂടിയായ കുട്ടി പനി ബാധിച്ച് ചികിത്സയിലായിരുന്നു.

രാത്രി ഡ്യൂട്ടിയായതിനാൽ അമ്മ മയങ്ങിയ സമയം നോക്കിയാണ് കുട്ടി പുറത്തിറങ്ങിയത്. ശുചിമുറിയിൽ പോയ ഡ്രൈവർ വാഹനത്തിൽ നിന്ന് താക്കോലെടുത്തിരുന്നില്ല. ആംബുലൻസിൽ ഡ്രൈവറില്ലെന്ന് മനസിലാക്കിയ കുട്ടി വാഹനമെടുത്ത് പുറത്തേക്ക് ഓടിച്ച് പോകുകയായിരുന്നു. ഒല്ലൂർ സെന്റർ വഴി റെയിൽവേ ഗേറ്റും കടന്ന് ആനക്കല്ല് വഴിയിലേക്കുള്ള വളവിൽ വെച്ച് ഇന്ധനം തീർന്നതോടെ വാഹനം തനിയെ നിന്നു. ഇതോടെ ആംബുലൻസ് റോഡിൽ നിന്നത് സംശയം തോന്നിയെത്തിയ നാട്ടുകാർ കുട്ടിയെയും വാഹനവും തടഞ്ഞ് ഒല്ലൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടയിൽ ജനറൽ ആശുപത്രിയിൽ നിന്ന് തൃശൂർ ഈസ്റ്റ് പൊലീസിലും വിവരം നൽകി. പൊലീസ് സന്ദേശം സ്റ്റേഷനുകളിലേക്കും അതിവേഗമെത്തി. ആംബുലൻസ് സഹിതം ബാലനെ കിട്ടിയതായി ഒല്ലൂർ സ്റ്റേഷനിൽ നിന്നും അറിയിച്ചതനുസരിച്ച് ഈസ്റ്റ് പൊലീസ് തൃശൂരിലേക്ക് കൊണ്ടുവന്നു.

തുടർന്ന് കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.